മൂക്കുകയർ

mookkukayar

ഒറ്റയ്ക്കായ ഒരുപാടു രാത്രികളിൽ ഈ പായയിൽ കിടന്നാണ് ഞാൻ ഉറങ്ങിയിട്ടുള്ളത്. അതുകൊണ്ടിപ്പോൾ പ്രത്യേകിച്ചൊരു വ്യത്യാസവും തോന്നുന്നില്ല. എന്നെ ഒറ്റയ്ക്കാക്കിയവരും ഞാൻ ഒറ്റയ്ക്കാക്കിയവരും എനിക്ക് ചുറ്റും വട്ടംകൂടി നില്കുന്നു.

ദുഃഖവെള്ളിയാഴ്ച ചുംബനങ്ങൾക്കും നേർച്ചകൾക്കുമായി പ്രദർശിപ്പിച്ചിരിക്കുന്ന ക്രൂശിതനായ യേശുവിന്റെ രൂപമാണ് എനിക്കിപ്പോൾ. ദൈവപുത്രനായിരിന്നിട്ടും ദൈവദൂഷ്യം പറഞ്ഞ കുറ്റത്തിന് അവർ അവനെ ശിക്ഷിച്ചു. മനുഷ്യപുത്രിയായിരുന്നിട്ടും മനുഷ്യർക്കുവേണ്ടി സംസാരിച്ച കുറ്റത്തിന് എന്നെയും.

പാടങ്ങൾ നികത്തരുതെന്നു ഞാനവരോടു പറഞ്ഞു. തോടുകളെയും കുളങ്ങളെയും പ്ലാസ്റ്റിക്കുകളും മറ്റു ചപ്പുചവറുകളുമിട്ട് മൂടരുതെന്നു ഞാനവരോടപേക്ഷിച്ചു. ഏഴു കിലോമീറ്റർ അകലെയുള്ള കടലിന്റെ ഓരങ്ങളിൽ കടൽഭിത്തി തീർക്കണമെന്നും ഞാൻ പറഞ്ഞു. ഇത്തരം നിർദേശങ്ങളുടെ ആവശ്യകതയെപ്പറ്റി ജനങ്ങളോട് സംസാരിക്കാൻ ഞാൻ തന്നെ മുന്നിട്ടിറങ്ങി. അന്നെന്നെ പോലീസിനെ വിട്ടു ശകാരിക്കുകയും എന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകെയും ചെയ്ത രാഷ്ട്രീയപ്രവർത്തകരും അവരെ സംരക്ഷിച്ചു പോരുന്ന സ്വകാര്യസ്ഥാപന ഉടമസ്ഥരും എനിക്ക് ചുറ്റും നില്കുന്നു.

ആർത്തു പെയ്യുന്ന കാലവർഷമാണ് വീടിനു ചുറ്റും. ഞാനിടയ്ക്കുയർന്നു നിന്നു ചുറ്റും നോക്കും. മേഘങ്ങൾ കൊണ്ട് മൂടിയ ആകാശം. ആർത്തിരമ്പുന്ന പുഴ.അലയടിച്ചുയർന്നു വരുന്ന കടൽ,മുങ്ങുന്ന പാടങ്ങൾ, കവിങ്ങൊഴുകുന്ന മൈതാനങ്ങൾ. എങ്ങും വെള്ളം. എങ്ങും മഴയുടെ അന്തരീക്ഷം. സത്യത്തിലിതു പ്രണയിക്കുന്നവർ കാത്തിരിക്കുന്ന കാലവും പ്രകൃതിയുമല്ലേ? 81 വയസ്സായ പടുകിളവിക്കു മലർന്നു കിടക്കാൻ വേണ്ടി എന്തിനു ദൈവം ഇത്രയും സുന്ദരമായ ഒരു അന്തരീക്ഷം ഒരുക്കിവെച്ചു?

നിന്റെ നാട്ടിൽ പുഴകളേക്കാൾ കൂടുതൽ പിഴകളാണെന്നു പറഞ്ഞ 40 വയസ്സുകാരൻ തോമാമാപ്പിളയുടെ ഖദറിൽ മഷിക്കുപ്പി കമഴ്ത്തി പാർട്ടിഓഫീസ് വിട്ടിറങ്ങുമ്പോൾ, നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന എരുതീയോടൊപ്പം ഒരുപിടി സ്വപ്നങ്ങളും ഒരുചെറു പ്രണയവും ചിറകുകൾക്കുള്ളിലൊളിപ്പിച്ചുവെച്ചിരുന്നു. നിന്റെ കണ്ണുകളിൽ ഞാൻ മറ്റൊരു സുന്ദരമായ ലോകത്തെ സ്വപ്നം കണ്ടു എന്നുപറഞ്ഞവന്റെ ഹൃദയത്തുടിപ്പുകളും…

ചിറകുകൾക്കിടയിൽ നിന്നൂർന്നുപോയ ആദ്യത്തെ തൂവലുകളാ പ്രണയത്തിന്റേതു തന്നെയായിരുന്നു. ക്രമേണ ഓരോന്നായി ഒന്നൊഴിയാതെയെല്ലാ സ്വപ്നങ്ങളും കൈവിട്ടു പോയി. കേസുകൾക്കും കോടതികൾക്കും വേണ്ടി ഒരുമനുഷായിസ്സു തന്നെ ബലികൊടുത്തിട്ടും കണ്ണിനോ മനസ്സിനോ കുളിർമയേകുന്ന ഒരു വിധി പോലും കാണാനെനിക്ക് കഴിഞ്ഞില്ല. ഈയാംപാറ്റകൾ പോലും ഇതിലും സന്തോഷമുള്ള ജീവിതങ്ങൾ ജീവിച്ചിട്ടുണ്ടാകും.

പെരുവെള്ളം വീടുനുള്ളിലേക്കിരച്ചു കയറുന്നതിന്റെ ശബ്ദം കേട്ടാണ് ഞാൻ വീണ്ടുമുണർന്നത്. വീടും പരിസരവും തോടുമെല്ലാം ഇപ്പോൾ ഒരേമയം,വെള്ളമയം. ഇതിനാണോ ഇവർ കാത്തിരുന്നത്? ഓടകളും കവിഞ്ഞൊഴുകുന്ന സെപ്റ്റി ടാങ്കുകളും പുഴവെള്ളവുമൊക്കെ ഒത്തുചേർന്ന ഈ വെള്ളത്തിന്റെ ദുർഗന്ധം എനിക്ക് സമ്മാനിക്കാൻ വേണ്ടിയാണോ ഇവർ കാത്തുനിന്നത്? അതോ ഈ ഓടവെള്ളത്തിൽ എന്നെ ഒഴുക്കി കളയാനോ?

ഈ പ്രഹസനം തുടങ്ങിയിട്ട് പതിനാലു മണിക്കൂർ കഴിഞ്ഞിരിക്കുന്നു.എന്റെ കാര്യത്തിൽ അവർ ഇനിയും ഒരു തീരുമാനം എടുത്തിട്ടില്ല. നല്ലപ്രായത്തിലോ എനിക്കവർ മനസ്സമാധാനം തന്നിട്ടില്ല. ഈ വൈകിയ വേളയിലെങ്കിലുമൊരല്പം നന്മ,കനിവ്,ബഹുമാനം പ്രതീക്ഷിച്ചു പോയത് അത്രയ്ക്ക് വല്ല്യ തെറ്റാണോ?

മഴ നിന്നിട്ടില്ലെന്ന്! വെള്ളം താണിട്ടില്ലെന്ന്! സൂര്യൻ ഉദിച്ചിട്ടില്ലെന്ന്! അങ്ങനെ എത്രയെത്ര മുട്ടാപ്പോക്കുകൾ! എന്നെയൊരു ആംബുലൻസിൽ കേറ്റി തരുമോ ആരെങ്കിലും?

വെള്ളപ്പൊക്കകാലത്തു ചെറുത്തു നില്ക്കാൻ പുതിയതായി നിർമിക്കുന്ന വീടുകളെങ്കിലും ആറടി ഉയരമുള്ള കോൺക്രീറ്റ് പില്ലറുകളുടെ മുകളിലായി പണിയൂ എന്നു പറഞ്ഞപ്പോൾ ഞങ്ങളുടെ നാട് ഇന്ത്യയിലെ ഹോളണ്ടാണെന്നു ഊറ്റംകൊണ്ട നാട്ടുകാരും, വായ്പ തരാൻ പറ്റില്ലെന്നുപറഞ്ഞ ബാങ്കുകാരുമല്ലേ ആ മോട്ടറുമായി വരുന്നത്? ഇവരെന്തായീ ചെയ്യാൻ ശ്രമിക്കുന്നത്? ചുറ്റും താഴ്ന്ന നിലങ്ങളും വീടുകളുമല്ലേ? വെള്ളം പമ്പ് ചെയ്തെങ്ങോട്ടു കളയാനാ?

ഹോളണ്ടിന് വെള്ളപൊക്കം മാത്രമല്ല, മനുഷ്യരെയും പ്രകൃതിയെയും മറക്കാത്ത ഒരു ഭരണകൂടവും സാങ്കേതികത്തികവും സമ്പത്തും കൂടെയുണ്ട്. ഇതൊന്നുമോർക്കാതെ മാറി മാറി വരുന്ന സർക്കാരുകളെ താങ്ങി നടന്ന കാലത്തു ആ ബണ്ടുകളുടെയെങ്കിലും പണി നേരാംവണ്ണം നോക്കിനടത്തി, അല്പം എരികേറ്റി പെട്ടെന്ന് തീർത്തിരുന്നെങ്കിൽ ഇത്തവണത്തെ കൃഷിനാശമെങ്കിലുമൊരല്പം കുറയ്ക്കാമായിരുന്നു. വർഷംതോറും ദുരിതാശ്വാസക്യാമ്പുകൾ തുറക്കുന്നതിനുപകരം ഈ ദുരിതങ്ങൾക്കൊരു ശാശ്വതപരിഹാരം കണ്ടെത്തുകയല്ലേ വേണ്ടത്?

അതാ ചുവരുകളിലെ വിടവുകളിലൂടെ മഴവെള്ളം പിന്നെയും വീടിനുള്ളിലേക്കിരച്ചുകേറുകയാണ്. ചളുങ്ങിയ പാത്രങ്ങളും കുടങ്ങളും വെള്ളത്തിൽ ഉയർന്നു വരുന്നു. എന്നെ കിടത്തിയിരിക്കുന്ന പായയാകെ നനഞ്ഞിരിക്കുന്നു. എന്നെ പുതച്ചിരിക്കുന്ന വെള്ളത്തുണിയുമാകെ നനഞ്ഞു കുതിർന്നു. അതിനുള്ളിൽ ഞാൻ നഗ്നയാണ്.ഇന്നലെയിതു സംഭവിച്ചിരുന്നെങ്കിൽ ഞാൻ തണുത്തു മരവിച്ചുപോയേനെ. വിറച്ചേനെ, കുളിരു കോരിയെനെ, പനിച്ചു കിടപ്പായേനെ. ഇന്നീ മഴയും കാറ്റുമൊന്നുമെന്നെ സ്പർശിക്കുന്നില്ല.

പക്ഷെ എനിക്കി ദുർഗന്ധം സഹിക്കാൻ വയ്യ. ആഴ്ചകളായി വയ്യാതെകിടന്ന വൃദ്ധയെക്കാളും നാറ്റമാണ് ഈ വെള്ളത്തിന്, എന്റെ ചുറ്റും നിന്നു എന്നെ കൊഞ്ഞനം കാണിക്കുന്നയി കാഴ്ചക്കാർക്ക്. നാസ്സദ്ധ്വാരങ്ങളിലൂടെ കടന്നു അവരുടെ ഗന്ധം എന്റെ ശിരസ്സുപിളർക്കുകയാണ്.

ഇനിയും വരാത്ത ആർക്കോ വേണ്ടി എന്നെയവർ കാത്തുവെയ്ക്കുകയാണ്. ആരാണാ വി. ഐ. പി ?

ഒടുവിൽ പതിനേഴാം മണിക്കൂറിൽ ആ വി.വി.ഐ.പി കൾ വന്നെത്തി. എന്റെ ഫോട്ടോ പിടിക്കാൻ. പല ദിക്കുകളിൽ നിന്നു എന്നെ നോക്കികൊണ്ടുള്ള ഫോട്ടോകൾ, വിഡിയോകൾ.

പലരുമെന്നെ ചുംബിക്കുന്നു; എന്റെ കവിളുകളിൽ, നെറ്റിയിൽ. ഇവരിൽ ഭൂരിഭാഗംപേരും ഇതിനുമുൻപെന്നെ ചുംബിച്ചിട്ടില്ല, ഞാനവരെയും. പലരെയും ഞാനിതിനുമുമ്പ് കണ്ടിട്ടുപോലുമില്ല. എന്നിട്ടുമവർ വരുന്നു, നില്കുന്നു, കരയുന്നു. ചിലരെന്റെ കാല് തൊട്ടു വണങ്ങുന്നു. മറ്റു ചിലർ കാലിൽ നെറ്റിയമർത്തി അനുഗ്രഹം വാങ്ങുന്നു. എന്നെ അനുമോദിക്കാൻ വലിച്ചുകെട്ടിയ ചതാവേലിക്കിടയിൽ കുത്തിത്തിരുകിയ റോസാപുഷ്പങ്ങൾ കൊണ്ടുണ്ടാക്കിയ മുൾകിരീടങ്ങൾ അവർ കൈയ്യിൽ കരുതിയിരിക്കുന്നു.

ഒരിക്കലും ഒരു മതത്തിന്റെ വക്താവായി ഞാൻ പ്രവർത്തിച്ചിട്ടില്ല. ജാതിഭ്രാന്തിനെ പിന്തുണച്ചിട്ടില്ല. പിന്നെ എന്തിനിവർ ഇത്രയധികം അതിനെ കുറിച്ച് ചർച്ച ചെയുന്നു. ആത്മാവ് ദേഹിയെ ഉപേക്ഷിച്ചാൽ പിന്നെ ശരീരം ശ്മാശാനത്തിലെ തീച്ചൂളയിലേക്കാണോ, പള്ളിയിലെ ഏതെങ്കിലുമൊരു അറയില്ലേക്ക് തിരുകികേറ്റുകയാണോ വേണ്ടത് എന്നു ചോദിക്കുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്? ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കുമെന്നും എതിരായിരുന്നില്ലേ എന്റെ യാത്രകൾ?

എന്റെ മുൻപിൽ നിന്നൊരു മനുഷ്യൻ വികാരാതീതനായി മൈക്കിലേക്കു പറയുന്നു- “ജീവിതം മുഴുവൻ ഈ നാടിനു വേണ്ടി പൊരുതിയ സ്ത്രീയെ മരണ ശേഷവും ഈ നാടിന്റെ ശാപം പിന്തുടരുന്നു”.

സത്യത്തിൽ ഈ നാടിന്റെ ശാപമീ വെള്ളപൊക്കമാണോ, അതോ നാട്ടുകാരോ, അതോ ഈ ക്യാമറകൊപ്രായത്തരങ്ങളോ, സർക്കാരോ? ചോദ്യങ്ങൾ ചോദിച്ചു ചോദിച്ചു എനിക്ക് മടുത്തു. ഇനി വിശ്രമിക്കട്ടെ.ജീവിച്ചിരുന്നപ്പോൾ നിങ്ങളെനിക്കു സമ്മാനിച്ച മൂക്കുകയറുകൾ തന്നെ ധാരാളം, മരണാനന്തര ജീവിതത്തിലും നിശബ്ദത പാലിക്കണമെന്ന് എന്നെ ഓർമപ്പെടുത്താൻ. ഞാനൊന്നും കാണാതെയും കേൾക്കാതെയും ശ്വസിക്കാതെയും ചിന്തിക്കാതെയും ഇവിടെയൊന്നു മരിച്ചു കിടന്നോട്ടെ. ഒരു കണക്കിന് മരിച്ചതെന്തുകൊണ്ടും നന്നായി…