ഒ.എൻ.വി

ONV

Photo on www.manoramaonline.com

അവിടെ ചെന്നെത്തേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. വഴി തെറ്റി പോയതാണ് രണ്ടു വിഡ്ഢികളെ പോലെ. ഗൂഗിൾ മാപ്പിനെ ആശ്രയിച്ചു അങ്ങനെ നടന്നു.
വഴുതക്കാട് എത്തിപ്പെട്ടു. ആകാശവാണി കണ്ടു. ഉള്ളൂരിന്റെ ഒരു സ്‌മൃതി മണ്ഡപം കണ്ടു. മ്യൂസിക്കൽ കോളേജ് കണ്ടു.പുല്ലു തിന്നുന്ന നായകുട്ട്യേ കണ്ടു. മോളേ എന്ന് വിളിക്കുന്ന സെക്യൂരിറ്റി ചേട്ടനെ കണ്ടു.തെറ്റായ വഴിയേ നടക്കേണ്ടി വന്നതിൽ സുഹൃത്ത് സ്വയം പഴി ചാരി കൊണ്ടേ ഇരുന്നു. ഇനിയുള്ള യാത്രകൾ എല്ലാം ഇങ്ങനെ തന്നെയാവും എന്നോർത്ത് ഞങ്ങൾ ഉള്ളു കൊണ്ട് ചിരിച്ചു.

അമളി പറ്റിയത് പുറത്തു കാട്ടാതെ ഊടു വഴികളിൽ കൂടി നടന്നു തമ്പാനൂരെത്തി.നട്ടുച്ചയിലെ പൊള്ളുന്ന വെയിലിൽ പിന്നെയും കുറേ യാത്രകൾ, കാല് നടയായി. വിശന്നു പൊരിഞ്ഞു വീടെത്തിയപ്പോൾ വൈകുനേരം.എന്നിട്ടും അറിഞ്ഞില്ല.

സെക്കന്റ് ഹാൻഡ് ബുക്ക് സ്റ്റാളിൽ നിന്ന് വാങ്ങിയ ബുക്കും വായിച്ചു ക്ഷീണത്തിൽ ഉറങ്ങി പോയി. എണീറ്റു, കുളിച്ചു, കഴിച്ചു.എന്നിട്ടും അറിഞ്ഞില്ല.

ചാനലുകളിലെ കോലാഹലങ്ങളിലൂടെ കണ്ണോടിച്ചു. സമയം രാത്രിയായി. അപ്പോഴും അറിഞ്ഞിട്ടല്ല. ഏതോ ചാനലിൽ മുകളിൽ ഇടതു വശത്തായി സുപരിചിതമായ ഒരു മുഖം. ഒരുപാടു ആരാധനയോടും സ്നേഹത്തോടും ആദരവോടും കൂടി ഗുരു സ്ഥാനത്തു കണ്ട മുഖം.വാക്കുകളുടെ മാസ്മരിക ഭംഗി ആവാഹിക്കാൻ വര സിദ്ധി നേടിയ മഹാത്‌മാവ്‌ .അദ്ദേഹത്തിന്റെ ഒരു ശതമാനം കവിത പോലും ഞൻ വായിച്ചിട്ടില്ല. ചൊല്ലി പഠിച്ചിട്ടില്ല. മനഃപാഠം ആകിയിട്ടില്ല. കുഞ്ഞായിരുന്നപ്പോൾ മനസിനെ കരയിപ്പിച്ച ഒരു കവിത മാത്രം പെട്ടെന്ന് ഓർമയുടെ വളപ്പിൽ നിന്ന് എത്തി നോക്കി. മുറിച്ചിട്ട ഓരോ മരവും, വറ്റിയ ഓരോ പുഴയും, നിറങ്ങൾ നഷ്ടപെട്ട ഓരോ ചിത്രശലഭവും എന്റെ മനസ്സിൽ അതെ വിങ്ങലാനുണർത്തിയത്. തല കുനിച്ചു കുറ്റബോധത്തോടെ,വേദനയോടെ ഞാനും അന്നാ വരികൾ ഏറ്റു ചൊല്ലി.

“ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.”

മനസ്സിൽ എന്നും തങ്ങി നിന്ന ആ നീറ്റൽ എനിക്ക് സമ്മാനിച്ച ഒ.എൻ.വി. അങ്ങയുടെ കാലടി സ്പർശം വീണ മണ്ണിൽ അറിയാതെ ഞങ്ങളെ കൊണ്ടെത്തിച്ചത്, അത് എന്താണെങ്കിലും, അതെന്റെ പുണ്യമായി ഞാൻ കരുതുന്നു. അങ്ങ് ഭൂമിയോടു വിട ചൊല്ലുന്നതിനു അല്പ നേരം മുൻപ് അങ്ങയുടെ മണ്ണിൽ ഞാൻ ഉണ്ടായിരുന്നു എന്നത് എന്റെ ഹൃദയത്തിൽ വീണ്ടും ഒരു നീറ്റൽ സൃഷ്ടിക്കുകയാണ്. ആ മഹാകവിയെ തേടിയുള്ള അങ്ങയുടെ യാത്രയിൽ പുനർ ജന്മങ്ങൾ ബാക്കി ഉണ്ടെങ്കിൽ അങ്ങ് സൃഷ്‌ടിച്ച ഈ ശൂന്യത നികത്താൻ ഇനിയും ഒരു കവിയായി തന്നെ വീണ്ടും ജനിക്കണമേ. ഹൃദയത്തിന്റെ ഭാഷയിൽ അങ്ങേയ്ക്കെന്റെ പ്രണാമം. ഈ അതി സാഹസികമായ ജീവിതത്തിനു… കവിതകൾക്ക്… പ്രവർത്തനങ്ങൾക്കു… നെഞ്ചിൽ നിന്ന് ഇറക്കി വെയ്ക്കാൻ പറ്റാത്ത ഈ കുഞ്ഞു നോവുകൾക്കു ..

%d bloggers like this: