പുസ്തക നിരൂപണം : ഉത്തമ പാകം – അശോകൻ

1

ഉത്തമ പാകം എന്ന ഈ നോവലിലെ കേന്ദ്രകഥാപാത്രമായ വിമൽ ഒരിക്കൽ ഒരു ദുസ്വപ്നം കാണുന്നു. വിമലും തന്റെ സഹപ്രവർത്തകരും മാസങ്ങളായി പണിതുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് മ്യൂസിയം വെറുമൊരു ‘ഡാർക്ക് മ്യൂസിയം’ ആയി മാറുന്നുവെന്ന്. അതായതു വളരെ ശ്രദ്ധിച്ചും ക്രോഡീകരിച്ചും അവർ ശേഖരിച്ച ഓർമ്മച്ചെപ്പുകൾ എല്ലാം ഒരു ഇരുട്ടറയിൽ ഉപേക്ഷിക്കപെടുന്നു! എല്ലാ മ്യൂസിയം വസ്തുക്കൾക്കും ഉത്തമ പാകത്തിലുള്ള വെളിച്ചം നല്കാൻ ചുമതലപ്പെട്ട വിമലിനു ഇതിലും വലിയൊരു വേദന ഉണ്ടാകുവാനില്ല. അവൻ ഒരുക്കി വെച്ച കൃത്രിമ വെളിച്ചങ്ങളുടെ സംവിധാനങ്ങളൊന്നും കാണ്മാനില്ല. ഓരോ അതിഥിയും കയ്യിൽ കരുതിയിരിക്കുന്ന മങ്ങിയ ടോർച് വെട്ടത്തിൽ ഭാഗികമായി മാത്രമേ മ്യൂസിയത്തിലെ വസ്തുക്കളും അവ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിസ്റ്റ് ഓർമകളും കാണുന്നുള്ളൂ.

ഇത് വിമൽ കണ്ട വെറുമൊരു ദുസ്വപ്നമാണെങ്കിലും, സൂക്ഷ്മപരിശോധനയിൽ  ഇതുതന്നെയാണ് തുടക്കം മുതലേ മ്യൂസിയത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നു നമുക്ക് മനസിലാകും. അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും, സഖാക്കളുടെയും രൂപങ്ങളും പത്രവാർത്തയായ വിപ്ലവസമരങ്ങളും മ്യൂസിയത്തിൽ ഇടംപിടിക്കുമ്പോഴും, ആരാലും അറിയപെടാത്തവരുടെ വിപ്ലവവും, ത്യാഗങ്ങളും, ഓർമകളും ‘incoherent’ എന്ന് മുദ്രകുത്തി മ്യൂസിയത്തിന്റെ ഇരുട്ടറകളിൽ ഒതുക്കുന്നു. മതിയായ ചരിത്ര രേഖകൾ അവയെ കുറിച്ചില്ല എന്നതായിരുന്നു അതിനുള്ള ന്യായം. പക്ഷെ ആ കഥകളുടെയും ഓർമ്മകളുടെയും അഭാവത്തിൽ വിമലിന്റെ സുഹൃത്ത് രേഖ പൊട്ടിക്കുന്ന കോഫി മഗ്ഗ് പോലെയാവാനേ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രത്തിനു സാധിക്കുന്നുള്ളൂ. എത്ര നന്നായി ഒട്ടിക്കാൻ ശ്രമിച്ചാലും കളഞ്ഞു പോയതും, പൊടിഞ്ഞു പോയതും, തിരസ്കരിക്കപ്പെട്ടതും വികലമാക്കുന്ന ചരിത്രം.

“ആരാലും തിരിച്ചറിയാത്ത ഇടങ്ങളിൽ അവരൊക്കെ ഇപ്പോഴും പതുങ്ങി ജീവിക്കുന്നുണ്ട്…”

നെല്ലെടുപ്പ് സമരത്തിൽ രക്തസാക്ഷിയായ കുട്ട്യപ്പയുടെ ഭാര്യ മാതു കൊണ്ടുവരുന്ന അസ്ഥികലശത്തിനും , പൂച്ചയുടെ മുഖമുള്ള തങ്കരൂപത്തിനും മ്യൂസിയത്തിൽ ഇടം ലഭിക്കുന്നില്ല. പെൻസഖാക്കളുടെ പവിലിയനിൽ,സ്വന്തം ശരീരം ഒളിവിൽ കഴിയുന്ന സഖാവിനു സമർപ്പിച്ച ഗൗരിയുടെ രൂപമില്ല. അവൾക്കതിനു അനുമതി നൽകുന്ന ഭർത്താവു ഗോപാലനും ഓർമിക്കപ്പെടുന്നില്ല. ഗോപാലന്റെ മരണത്തിനു ശേഷവും പ്രസ്ഥാനത്തിന് വേണ്ടി പൊരുതുന്ന ഗൗരിയും അവളുടെ മകൾ സുലോചനയും സുലോചനയുടെ മകൾ ആശയുമൊന്നും ആ കൂട്ടത്തിലില്ല. പത്രവാർത്ത കാരണമെങ്കിലും എ.കെ.ജി ക്കു സ്വന്തം ദാരിദ്ര്യത്തിലും പശുക്കിടാവിനെ സമ്മാനിക്കുന്ന മാതയുടെ ഓർമ്മ മോഡലിൽ ഉൾപ്പെടുത്തുന്നത് തെല്ലൊരു ആശ്വാസം നൽകും.

“അവർ തങ്ങളെയല്ല സ്നേഹിച്ചതും പരിചരിച്ചതും; പ്രസ്ഥാനത്തെയാണ്, കമ്മ്യൂണിസ്റ്റുകളെയാണ്.”

കേന്ദ്ര കഥാപാത്രങ്ങളെ അലട്ടുന്ന സങ്കർഷങ്ങൾ അവരെ കമ്മ്യൂണിസ്റ്റ് ചിന്താഗതിയിൽ നിന്നും ജീവിത രീതിയിൽ നിന്നും അകറ്റുന്ന കൂരിരുട്ടാകുന്നുണ്ട്. പക്ഷെ അവർ ഓർമകളുടെ ടോർച് ലൈറ്റ് കയ്യിൽ കരുതാൻ മറക്കുന്നില്ല.ഐക്യദേശം സ്വപ്നം കണ്ട അച്ഛന്റെ അവഗണയിൽ മറ്റൊരു സ്ത്രീയുടെ ഓർമകളിലും,സൂചിയും നൂലും വിരൽതൊപ്പിയും മാത്രമുള്ള അവരുടെ ലോകത്തിലും ഒതുങ്ങുന്ന അമ്മയുടെ ഓർമ്മ വിമലിനെ അലട്ടുന്നുണ്ട്. ആഷ്‌ലിന്റെ കൊലപാതകം അവനെ ഭയപെടുത്തുന്നുണ്ട്. സ്വയം ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണെങ്കിലും സഖാക്കളായിരുന്ന കുമാരന്മാരെ, രേഖയുടെ അച്ഛനെയും അച്ചാച്ചനെയും അവൾ വെറുക്കുന്നുണ്ട്. പാലമരച്ചോട്ടിൽ വായിലും തുടകൾക്കിടയിലും മണ്ണ് കുത്തി തിരുകി അച്ചാച്ചൻ കൊന്ന കല്യാണി എന്ന അമ്മമ്മയുടെ മണം അവളെ ഭയപെടുത്തുന്നു.പക്ഷെ അവളുടേതല്ലെന്നു അറിഞ്ഞിട്ടും രേഖ മറ്റൊരാളുടെ പറമ്പിലെ പാലമരം തേടി പോകുന്നു. ഓർമകളുടെ മതിലും ശ്മശാനവും കുഴിച്ചിട്ട ബാഡ്ജുകളും എല്ലാം നഷ്ടമായെന്നറിഞ്ഞിട്ടും വിമൽ സ്വന്തം വീടിരുന്ന സ്ഥലം തേടി പോകുന്നു.

വിമലിന്റെ സുഹൃത്ത്,സ്വവർണാനുരാഗിയായ നിധിനും ഒറ്റപെടുന്നുണ്ട്. സ്വയം ഒരു ആർട്ടിസ്റ് എങ്കിലും നിധിന്റെയുള്ളിൽ ചിറകൊതുക്കിയിരിക്കുന്ന ഒരു പക്ഷിയുണ്ട്. നിയന്ത്രണങ്ങൾക്കും മുതല്മുടക്കുന്നവരുടെ താല്പര്യങ്ങൾക്കും അപ്പുറം സ്വതന്ത്രനാകാൻ ഉഴറുന്ന ഒരു മനുഷ്യൻ. മ്യൂസിയം രൂപങ്ങൾക്ക് അനുയോജ്യമായ വേഷങ്ങൾ വെച്ച് കെട്ടുമ്പോഴും, സ്വന്തം ശരീരത്തിന് ചേരാത്ത വസ്ത്രങ്ങൾ ധരിച്ചു നടക്കുന്ന മഹാമായയുടെ വൈരുധ്യങ്ങളിലുമുണ്ട് ഒരു വിപ്ലവം .

ബൂർഷ്വാസിക്കെതിരെ വിപ്ലവസമരങ്ങൾ നയിക്കുന്നില്ലെങ്കിലും ഈ കഥാപാത്രങ്ങളുടെ വേദനിപ്പിക്കുന്ന ഓർമകളിലേക്കുള്ള അവരുടെ എത്തിനോട്ടങ്ങളും വൈരുധ്യങ്ങളും സ്വാതന്ത്ര്യദാഹവുമൊക്കെ കമ്മ്യൂണിസമായി കാണാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടല്ലെ കഫേ ആർട് പ്രയോറിന്റെ ചില്ലു ജാലകത്തിൽ വിശന്നു വലഞ്ഞപെൺകുട്ടിയുടെ ചിത്രം നിധിൻ വരച്ചു വെയ്ക്കുന്നത്?കമ്മ്യൂണിസ്റ്റ് മ്യൂസിയം എന്ന ആശയം യുദ്ധം പോലുള്ള മറ്റൊരു ധൂർത്തായി സേതുരാമന്‌ തോന്നുന്നത്?

ട്രിയറിയിലെ കാൽ മാർസ് മ്യൂസിയത്തിൽ എല്ലാ സന്ദർശകർക്കും എടുത്തുകൊണ്ടു നടക്കാൻ സാധിക്കുന്ന കാൽ മാർസ് രൂപങ്ങളുണ്ട്. പക്ഷെ കഥാകാരൻ അത്തരമൊരു സൗജന്യം നമുക്കു ചെയ്തുതരുനില്ല. ഈ പുസ്തകത്തിന്റെ പുറം ചട്ടയിൽ കാട്ടുന്ന പോലെ ഇരുട്ടിൽ മറഞ്ഞിരിക്കുന്ന കാൽ മാർക്സിനെ തിരിച്ചറിയാൻ ആവശ്യമുള്ള ചുവപ്പു വെളിച്ചം നൽകുക മാത്രം ചെയുന്നു. നമ്മുടെ ചുറ്റുമുള്ള ഇരുട്ടിലും അജ്ഞതയിലും യഥാർത്ഥ കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റുകളെയും തിരയാൻ നമ്മളുടെ അനുഭവങ്ങളുടെ,ചിന്തകളുടെ,ഓർമകളുടെ,വേദനകളുടെ,വിപ്ലവങ്ങളുടെ നുറുങ്ങു വെട്ടം കൈയ്യിൽ കരുതു എന്നുകൂടി ഈ കൃതി നമ്മളോട് ആഹ്വാനം ചെയ്യുന്നുണ്ട്. “ആർക്കും മാർക്സിന്റെ കൂട്ടില്ലാതില്ല” എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

%d bloggers like this: