പുസ്തക നിരൂപണം: കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്റ്റീവ് നോവൽ ‘പ്ലൂട്ടോയുടെ കൊട്ടാരം’

pl

1974-ഇൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പുതിയ പതിപ്പിന് നിരൂപണം എഴുതണം എന്ന് പറഞ്ഞപോഴേ ഇത് തീക്കളിയാണെന്നു ഞാൻ മനസിലാക്കേണ്ടതായിരുന്നു. പക്ഷെ വിവരമില്ലായ്മ കൊണ്ടാവാം അന്ന് പേടിയൊന്നും തോന്നിയില്ല. രാത്രി ഈ പുസ്തകവും കൊണ്ട് വന്നു സ്റ്റഡി ടേബിളിൽ ലൈറ്റ് ഇട്ടപ്പോഴേ അച്ഛൻ പറഞ്ഞതാ – ‘നിനക്കിതു രാത്രി വായിക്കാൻ പറ്റിയ പുസ്തകമല്ലെന്നു’. അച്ഛനും സമപ്രായക്കാർക്കും സുപരിചിതനായ കോട്ടയം പുഷ്പനാഥ് എന്ന കേരളത്തിന്റെ സ്വന്തം ക്ലാസിക് ഡിറ്റക്റ്റീവ് നോവലിസ്റ്റിനെ പരിചയപ്പെടാൻ ‘പ്ലൂട്ടോയുടെ കൊട്ടാരം’ എന്നയീ പുസ്തകം എനിക്കൊരു നിമിത്തമായി. പുതിയ തലമുറയിൽ അദ്ദേഹത്തെ പരിചയമില്ലാത്ത കൂട്ടുകാർക്കു ഈ നിരൂപണത്തിലൂടെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുത്താൻ സാധിക്കുന്നതിൽ എനിക്കൊരുപാട് സന്തോഷമുണ്ട്.

350 ഇലേറെ കൃതികൾ രചിച്ചിട്ടുള്ള കോട്ടയം പുഷ്പനാഥ് കോട്ടയം ജില്ലയിലെ ചെറുവത്തൂരിൽ 1937 മെയ് മാസം 14 -ആം തിയതി ജനിച്ചു. 2018 മെയ് മാസം രണ്ടാം തിയതി വാർദ്ധക്യസഹജമായ രോഗങ്ങൾ കാരണം അദ്ദേഹം നിര്യാതനായി. ബ്രാം സ്റ്റോക്കറുടെ വിശ്വപ്രസിദ്ധമായ കൃതി ‘ഡ്രാക്കുള’ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് കൂടാതെ, ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി മുതലായ പ്രസിദ്ധ നോവലുകളും ചലച്ചിത്രങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നു . 1970 -കളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അഞ്ചോളം നോവലുകളാണ് ‘കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ്’ അടുത്തിടെ പുനപ്രസിദ്ധീകരിച്ചതു. ഒളിമ്പസ്സിലെ രക്തരക്ഷസ്സു, ഹിറ്റ്ലറുടെ തലയോട്, മരണമില്ലാത്തവൻ, ചുവന്ന മനുഷ്യൻ മുതലായവയാണ്‌ പുനഃപ്രസിദ്ധീകരിച്ച മറ്റു കൃതികൾ.

ഗ്രീക്ക് മിത്തോളജിയിൽ അഗാധമായ പാണ്ഡിത്യമുള്ള ജോസഫ് പെരേരാ തന്റെ സുഹൃത്തും, ചരിത്രാന്വേഷിയുമായ ഗോവക്കാരി മാർത്തയ്‌ക്ക്‌ ഒരു കഥ പറഞ്ഞു കൊടുക്കുന്നു. ഗ്രീക്ക് ഇതിഹാസങ്ങളിലെ ഗാനഗന്ധർവനായ ഓർഫിയൂസ് സർപ്പദംശനമേറ്റു മരിച്ച തന്റെ ഭാര്യ യുറീഡീസിന്റെ ആത്മാവിനെ തേടി ഹെബ്‌റൂസ് നദി കടന്നു പ്ലൂട്ടോയുടെ കൊട്ടാരത്തിൽ എത്തുന്നു. അതെ,യവന പുരാണത്തിലെ കാലനായ പ്ലൂട്ടോയുടെ കൊട്ടാരത്തിൽ! കഥയുടെ വശ്യതയിലും കൊട്ടാരത്തെ കുറിച്ചുള്ള വർണനകളിലും ആകൃഷ്ടയായ മാർത്ത തനിച്ചു ഹെബ്‌റൂസ് നദിക്കരയിലേക്കു നടക്കുന്നു. അവിടെ അത്ഭുതം എന്ന് പറയട്ടെ,ഹോമറിന്റെ വാക്കുകളിൽ നിന്ന് ഉയർത്തെഴുനേറ്റ മാതിരിയിൽ കൂർമ്പൻ തൊപ്പി ധരിച്ച, കുറിയ ശരീരമുള്ള കടത്തുകാരൻ കാനൻ അവളെ കാത്തു നില്ക്കുന്നു. അവൾ അദ്ദേഹത്തോടൊപ്പം പ്ലൂട്ടോയുടെ രാജ്യത്തിലേക്ക് പ്രവേശിക്കുന്നു. പണ്ട് ഓർഫിയൂസ് യുറീഡീസിനെ തേടി പ്ലൂട്ടോയുടെ കൊട്ടാരത്തിലേക്കു പോയത് പോലെ, ജോസഫ് മാർത്തയെ തേടി അവിടെയെത്തുന്നു.

തീരെ മലയാളിത്വം ഇല്ലാത്ത കഥയും കഥാപാത്രങ്ങളും ആയതുകൊണ്ടാവാം വായനയുടെ ആദ്യ നിമിഷങ്ങളിൽ എനിക്ക് ഈ നോവലിനോട് അല്പം അകല്ച്ച തോന്നി. പക്ഷെ പെട്ടെന്ന് തന്നെ ഗ്രീക്ക് പുരാണങ്ങളുടെ കാന്തിക ശക്തി മാർത്തയെ പോലെ എന്നെയും ഈ കഥയ്ക്കുള്ളിൽ തളച്ചിട്ടു. സ്വപ്നമോ പേക്കിനാവോ എന്ന് തിരിച്ചറിയും മുൻപേ, മാർത്തയെ സഹായിക്കാൻ എത്തുന്നവർ കൊല്ലപ്പെടുകയും കൂടി ചെയ്തപ്പോൾ, ‘ആര്’ എന്ന ചോദ്യത്തിന് ഏകദേശം ഉത്തരം അറിയാമെങ്കിലും ‘എന്തിനു’, ‘എങ്ങനെ’ എന്ന ചോദ്യങ്ങൾ വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു.

മാർത്തയ്ക്കും ജോസഫിനും അദ്ദേഹത്തിന്റെ സുഹൃത്ത് ചാർളിയ്ക്കും സംഭവിക്കുന്ന ദുരന്തം ന്യൂ യോർക്ക് തുറമുഖത്തേക്ക് കുതിക്കുന്ന ഹഡ്സൺ എന്ന കപ്പലിലും ആവർത്തിക്കപ്പെടുന്നു. ഇത് ഹാഫ്-എ-കോറോണ ചുണ്ടിൽ കടിച്ചു പിടിച്ചു, ന്യൂയോർക്ക് ടൈംസിന്റെ താളുകളിലെ ഏറ്റവും അപ്രധാനമായ വർത്തകളിൽ ദുരൂഹത തിരയുന്ന ഡിറ്റക്റ്റീവ് മാർക്സിന്റെ ശ്രദ്ധയിൽ പെടുന്നു.നിഗൂഢത തുളുമ്പുന്ന ഈ മരണങ്ങളുടെ ചുരുൾ അഴിയ്ക്കാൻ അദ്ദേഹം ഗ്രീസിലോട്ടു പുറപ്പെടുന്നു. ഓർഫിയുസ്സിനെ പോലെ നിരാശനായി മടങ്ങാനായിരിക്കുമോ അദ്ദേഹത്തിന്റെയും വിധി?

ചരിത്രം ആവർത്തിക്കപ്പെടുകയാണോ, അതോ ശാസ്ത്രത്തിന്റെ ദുരുപയോഗമോ, മന്ത്രവാദമോ ഈ വിചിത്ര സംഭവങ്ങളുടെ പിന്നിൽ എന്ന സംശയം തീർച്ചയായും വായനക്കാരുടെ മനസ്സിനെ ആശങ്കയിലാക്കും. 1970 -ഇൽ എഴുതിയ ഈ പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ള ശാസ്ത്ര ഗവേഷണങ്ങളും ആയുധങ്ങളും ഇന്നും അപ്രസക്തമല്ല. ക്ലൈമാക്സ് അല്പം ധ്രുതഗതിയിൽ ആയതും, ഷെർലക് ഹോംസ്- ഡോക്ടർ വാട്സൺ മാതൃകയിൽ വികസിപ്പിക്കാമായിരുന്ന മാർക്സിൻ-ഡോക്ടർ ജോൺസൻ സൗഹൃദം വെറും സംഭാഷണങ്ങളിൽ ഒതുക്കിയതിലും മാത്രം എനിക്കൊരല്പം നിരാശ തോന്നി.

താനൊരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ഗ്രീസും, അമേരിക്കയുമെല്ലാം ഇത്ര വിശദമായി വിവരിക്കാനും അതാതു നാടുകളിലെ ജനങ്ങളുടെ പ്രശ്നങ്ങളും മുൻവിധികളുമെല്ലാം ഇത്ര സൂക്ഷ്മമായി പരിശോദിച്ചു രേഖപ്പെടുത്താനും കഥാകാരന് സാധിച്ചു എന്നത് എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നു.പ്രത്യേകിച്ചും ഇന്നത്തെ പോലെ ഇന്റർനെറ്റും ആശയവിനിമയ മാർഗ്ഗങ്ങളും സുലഭമല്ലാതിരുന്ന 1970-80 കളിലെ ഒരു എഴുത്തുകാരന്!

%d bloggers like this: