പുസ്തക നിരൂപണം – പി. ജിംഷാറിന്റെ നോവൽ ‘എഡിറ്റിങ് നടക്കുന്ന ആകാശം’

editing

സ്വാതന്ത്ര്യം മറന്നിട്ടില്ലാത്ത അവസാന ജീവികൾ പക്ഷികളാണെന്നൊരു അഭിപ്രായം ഞാൻ ഈ അടുത്ത് ഒരു നോവലിൽ വായിക്കുകയുണ്ടായി. അവരെ ഒതുക്കിനിർത്തുന്ന കൂടുകളോട് ഒരിക്കലും പൊരുത്തപെടാതെ, മുറിവേറ്റ ചിറകുകൾ കൊണ്ട് പോലും സ്വാതന്ത്ര്യത്തെ കാംക്ഷിക്കുന്ന യഥാർത്ഥ വിപ്ലവകാരികൾ! കാറ്റിന്റെ തേരിലേറി ആകാശത്തെ ചുംബിച്ചവർ ചങ്ങലകളെ എങ്ങനെ പ്രണയിക്കും, അല്ലെ? പി. ജിംഷാറിന്റെ ‘എഡിറ്റിങ് നടക്കുന്ന ആകാശം’ എന്ന നോവൽ നമ്മളോട് പറയുന്നത് ഇത്തരത്തിലുള്ള ഒരു കൂട്ടം പക്ഷികളുടെ കഥയാണ്. അഭിപ്രായസ്വാതന്ത്ര്യവും നീതിയും നിഷേധിക്കപ്പെട്ട ഒരു കൂട്ടം വിദ്യാർത്ഥികളുടെ കഥ. വ്യക്തിപരമായി പറയുകയാണെങ്കിൽ ഈ നോവൽ വായിച്ചപ്പോൾ എനിക്കാദ്യം ഓർമ വന്നത് ‘ഗൗരി ലങ്കേഷിനെ’യാണ്.

“കിളികളോട് ആരാണ് വഴികൾ ചോദിക്കുന്നത്.”

സിനിമ മോഹിയായ അഷറഫ് തിരക്കഥയുടെ രൂപത്തിൽ നമുക്കൊരു കഥ പറഞ്ഞു തരുകയാണ്.

“ഏതോ ഒരു പാതിരയ്ക്ക് ഒരു ചെറുപ്പക്കാരൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി വെടിയേറ്റ് മരിച്ചിട്ടുണ്ട്. അവന്റെ മരണത്തെ അറിഞ്ഞു കാലങ്ങൾക്കപ്പുറം എന്റെ ചങ്ങാതി ഞരമ്പറുത്തു മരിച്ചിട്ടുണ്ട്. എനിക്ക് ഭ്രാന്തായിട്ടുണ്ട്! ഈ കഥയാണ് ഞാനിപ്പോൾ നിന്നോട് പറയാൻ പോകുന്നത്…”

കഥ തുടങ്ങുമ്പോൾ വായനക്കാരെ പോലെ അവനും അത്രയുമേ അറിയൂ. മാനസിക ചികിത്സ്യക്കു ആശുപത്രിയിൽ കഴിയുന്ന അഷറഫിന്റെ ഭ്രാന്തമായ ചിന്തകളിലൂടെ ചിക്കി ചികഞ്ഞു വേണം അവനെപ്പോലെ നമുക്കുമാ സത്യം കണ്ടെത്താൻ. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? അനേകം പ്രണയങ്ങൾ, സിനിമ കഥകൾ, ഓർമകൾ, വേദനകൾ, ലഹരി, അസഭ്യവാക്കുകൾ എന്നിവയുടെ ചവറുകൂനയാണ് അഷറഫിന്റെ മനസ്സ്. അതിൽ നിന്ന് കൊല്ലപ്പെട്ട ഇദ്രീസിന്റെയും ആത്‍മഹത്യ ചെയ്ത നദിയുടെയും ഷാഹിദ്, നോയൽ, നീലി, ജാനകി, രേഖ, ലീഫ് മുതലായ സുഹൃത്തുക്കളുടെയും ജീവിതം അഷറഫ് ഓർത്തെടുക്കേണ്ടതുണ്ട്. മാനസികനില തെറ്റുന്നതിനു മുൻപ് അവൻ ഇദ്രീസിന്റെ കഥ ഒരു തിരക്കഥ ആക്കുകയായിരുന്നു. അവന്റെ ഓർമകളിൽ നിന്ന് ആ കഥയെയും അവന്റെ ജീവിതത്തെയും വേർതിരിച്ചെടുക്കേണ്ടതുമുണ്ട്.

“എന്നാലും… സഖാവേ, നിന്നെ ഞാനും സഖാവെന്നു വിളിക്കും. കാരണം, നമ്മൾ ഭൂമിയിൽ നക്ഷത്രം വിരിയിക്കണമെന്നു സ്വപ്നംകണ്ട കൂട്ടുകാരാണല്ലോ?”

പക്ഷെ ഈ അനേകം കഥകളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയുണ്ട്. ഇദ്രീസും നദിയുമെല്ലാം ശ്രമിച്ചു പരാജയപ്പെടുന്ന അവരുടെ കൊച്ചു വിപ്ലവം, അവർ പ്രസിദ്ധീകരിക്കാൻ ശ്രമിച്ച ‘മരിച്ചവരുടെ മണ്ണ്’ എന്ന കോളേജ് മാഗസിൻ. അനേകം എഡിറ്റിംഗിലൂടെയും താകീതുകളിലൂടെയും അറസ്റ്റുകളിലൂടെയും കടന്നു പോകേണ്ടി വരുന്ന അവരുടെ ആകാശം. ‘ടി.പി. യേയും ഇദ്രീസിനെയുമൊന്നും ഏറ്റുപിടിക്കണ്ട’ എന്ന് അധികാരശക്തികൾ ഓർമപ്പെടുത്തുമ്പോഴും,അതിലൂടെ അവരെല്ലാം വ്യത്യസ്ത വരികളിലൂടെ ഇദ്രീസിലേക്കു നടക്കുകയാണെന്ന് അറിഞ്ഞിട്ടും

“ആരുമൊന്നും ഏറ്റുപിടിക്കാതെ വിപ്ലവം വരൂല സഖാവേ”

എന്നവരെ കൊണ്ട് ഏറ്റുപറയിക്കുന്ന പുസ്തകം.

നോൺ-ലീനിയർ , ഡിസ്റ്പ്റ്റിവ് എന്നൊക്കെ വിളിക്കാവുന്ന ആഖ്യാനശൈലിയാണ് നോവലിസ്റ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വായനാനുഭവം ഒഴുക്കും ചുഴികളുമുള്ള കടലിലെ കടലാസ്സു തോണിയെ പോലെ ആടി ഉലയും.കഥാപാത്രങ്ങളെ കഥയുടെ ഒഴുക്കിൽ മാത്രമേ നമുക്ക് പരിചയപെടുത്തുന്നുള്ളു.കഥയിലെ ഇവരുടെ യഥാർത്ഥ സ്ഥാനം നമുക്ക് മുൻകൂട്ടി പറഞ്ഞു തരുന്നില്ല. അഷ്‌റഫിനെ പോലെ നമ്മളും അത് കണ്ടെത്തണം. ആദ്യ വായനയിൽ ദുഷ്കരം എന്ന് തോന്നിയേക്കാവുന്ന ഒരു നോവലാണിത്. കഥപറച്ചിലിന്റെ രീതിക്കപ്പുറം അഷറഫിന്റെ ഭ്രാന്തമായ ചിന്തകളെ പൂർണമായി വിശ്വസിക്കണോ, അത്രയ്ക്ക് പ്രാധാന്യം കൊടുക്കണോ എന്ന് സ്വാഭാവികമായി വായനക്കാരന് തോന്നിയേക്കാവുന്ന സംശയവും ഇതിനൊരു കാരണമാണ്.

പക്ഷെ മുൻവിധികളിലാത്ത രണ്ടാം വായനയിൽ ആടിയുലഞ്ഞ കടലാസ്സു ബോട്ടിലിരുന്നു നമ്മൾ കണ്ണടച്ചപ്പോൾ കാണാതെ പോയ അനേകം തീരങ്ങളും ചിന്താശകലങ്ങളും ഹൃദയഹാരിയായ കഥാസന്ദർഭങ്ങളും നമ്മുടെ കണ്ണിലുടക്കും. കാരണം ഇത്തവണ നമുക്കറിയാം

“വെടിയേറ്റ് ചിതറിത്തെറിച്ച ഓരോ ശിരസ്സും എന്റേത് കൂടിയാണ്. അവസാനത്തെ മിടിപ്പിൽ ആ ജീവിതം പറഞ്ഞത് ആരെങ്കിലും കേട്ടുവോ? കേൾക്കപ്പെടാത്തവർ പെരുകുന്നു. ഒരുപക്ഷെ, കേൾക്കപ്പെടാത്തവരുടെ ചങ്ങലകളിലേക്കു കണ്ണിചേർക്കപെടുന്നത് ഞാനോ നിങ്ങളോ ആയേക്കാം.”

%d bloggers like this: