പരിധികളില്ലാത്ത ശോഭാ

img_20190113_195054_512

ശോഭാ ദേ എന്ന എഴുത്തുകാരിയെ കുറിച്ചോ വ്യക്തിയെ കുറിച്ചോ യാതൊരു മുൻവിധിയുമില്ലാതെയാണ് ബിന്ദു അമറ്റുമായുള്ള അവരുടെ സംഭാഷണം ഞാൻ കേൾക്കാൻ ഇടയായത്. ആകെയുള്ള മുൻപരിചയം, ‘ഇങ്ങനെ വേണം എഴുതാൻ’ എന്ന് പറഞ്ഞു അച്ഛൻ എന്റെ കൈയിലേക്ക് തരാറുള്ള അവരുടെ പത്രലേഖനങ്ങൾ മാത്രമാണ്. അച്ഛന്റെ വാക്കുകൾ കടം എടുക്കുകയാണെങ്കിൽ ‘ബോൾഡ്, പവർഫുൾ!’

എഴുത്തിൽ മാത്രമാണോ അതോ യഥാർത്ഥ ജീവിതത്തിലും ഇത് പോലെ ശക്‌തയാണോ എന്നറിയാൻ ആയിരുന്നു എനിക്ക് കൂടുതൽ ആകാംക്ഷ.
എന്റെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു യാഥാർഥ്യം എന്നിവിടെ തുറന്നു സമ്മതിക്കട്ടെ.

71 വയസ്സുള്ള 6 മക്കളുടെ അമ്മ, മുൻ മോഡൽ. ‘സ്റ്റാർ ഡസ്ട്, സൊസൈറ്റി, സെലിബ്രിറ്റി’ മുതലായ മാസികകളുടെ സ്ഥാപകയും എഡിറ്ററും. 19 ഓളം പുസ്തകങ്ങൾ എഴുതിയിട്ടുമുണ്ട്. ഇതിനെല്ലാം അപ്പുറം ആരോഗ്യവതി, താൻ ജീവിക്കുന്ന ജീവിതത്തിൽ സന്തോഷവതി. ഭർത്താവിനോടൊപ്പമാണ് കേരള സാഹിത്യോത്സവം കാണാൻ വന്നത്.

‘ഹൗ ഓൾഡ് ആർ യു?’ എന്ന മഞ്ജുവാര്യർ ചിത്രത്തിലെ ഒരു പ്രശസ്ത ചോദ്യമുണ്ട്. സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പ്രായ പരിധി (എക്സ്പയറി തീയതി) ഉണ്ടോ എന്ന്? ഇല്ല എന്ന് തെളിയിക്കുന്നതാണ് ശോഭാ ദെയുടെ ജീവിതം.
അവർക്കു മറ്റു സ്ത്രീകളോട് പറയാനുള്ളതും ഇത് തന്നെയാണ്. പ്രായം നിങ്ങളെ തോൽപിക്കാൻ സമ്മതിക്കരുത്. പ്രായം കൂടും തോറും വീണ്ടും തുടങ്ങുക, മാറ്റങ്ങളെ സ്നേഹിക്കാൻ പഠിക്കുക.നിങ്ങളെ തന്നെ സ്നേഹിക്കുക, നിരാശരാകാതിരിക്കുക. എഴുപതുകൾ നാല്പതുകളോ അൻപതുകളോ ആണെന് ഞാൻ കള്ളം പറയില്ല, അത് വിഡ്ഢിത്തരമാണ്. പക്ഷെ എഴുപതുകളിലും ജീവിക്കാൻ ഇനിയും ഒരുപാട് ബാക്കിയുണ്ട്. ശോഭാ ദെയുടെ ഈ വാക്കുകൾ കേട്ടപ്പോൾ റുപ്പി കൗർ എന്ന കവയിത്രിയുടെ ‘ടൈംലെസ്സ്’ എന്ന കവിതയാണ് എനിക്ക് ഓർമ്മ വന്നത്.

“ഇനിയാണ് ഈ തിരശീലകൾ ഉയരുന്നത്
അൻപതുകളിൽ
കാഴ്ചകൾ തുടങ്ങുന്നതേയുള്ളൂ…”

സോഷ്യൽ മീഡിയയെ എങ്ങനെ നോക്കി കാണുന്നു എന്ന ചോദ്യത്തിന് ശോഭാ ദെയുടെ ഉത്തരം ഇങ്ങനെ: ഞാൻ ഫേസ്ബുക്ക് ഉപയോഗിക്കാറില്ല. മനഃപൂർവം മാറി നിന്നതാണ്. എന്നാൽ ട്വിറ്റെർ വളരെ ഇഷ്ടപ്പെട്ടു, നമ്മുടെ അഭിപ്രായങ്ങൾ കുറിക്കുകൊള്ളുന്ന രീതിയിൽ എഴുതാൻ പറ്റുന്ന ശക്തമായ ഒരു അവസരമായി അതിനെ ഉപയോഗിക്കുന്നു. ഇൻസ്റ്റാഗ്രാം ഒരു രസത്തിനാണ് ഉപയോഗിക്കുന്നത്. അതൊരു സങ്കല്പികലോകമാണ്. നമുക്കെല്ലാവർക്കും ചില നേരങ്ങളിൽ ജീവിതത്തിൽ അല്പം ‘ഫാന്ടസി’ വേണമെന്ന് തോന്നാറില്ലേ? പക്ഷെ അതിനപ്പുറത്തേക്ക് ഒരു പ്രാധാന്യവും അതിനു കൊടുക്കാൻ പാടില്ല. സോഷ്യൽ മീഡിയ ലഹരി വസ്തുക്കളെ പോലെ നമ്മളെ അടിമപ്പെടുത്താൻ സമ്മതിച്ചു കൊടുക്കരുത്. നമ്മളുടെ വില, സ്വാഭിമാനം, സന്തോഷം ഇതൊന്നും ലൈക്കോ, കമെൻറ്റുകളോ, ട്രോളോ വെച്ച് അളക്കരുത്.

എന്നെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള പദ്ധതിയുണ്ടോ എന്നു ബിന്ദു ചോദിച്ചു. അവസരങ്ങൾ ഒരുപാടു ലഭിച്ചു എന്നും, എന്നാൽ അവസരം നല്കാൻ വരുന്ന പലരും അവരുടെ സ്വാര്ഥതാല്പര്യങ്ങളുടെ ഭാണ്ഡക്കെട്ടും തന്റെ മുൻപിൽ ഇറക്കി വെക്കാറുണ്ട്. അവരുടെ ചരടുവലികളിൽ പെടാൻ താല്പര്യമില്ലെന്നും, അത് തന്റെ മേഖല അല്ലെന്നും ശോഭാ അഭിപ്രായപ്പെട്ടു. എന്നെങ്കിലും തന്റെ ജീവിതം സിനിമ ആക്കിയാൽ ആര് അഭിനയിക്കണം എന്ന ചോദ്യത്തിന് ശോഭാ ഒരു സംശയവും കൂടാതെ ഉത്തരം പറഞ്ഞു : കങ്കണ, അവർ ചെയുന്നതിനെയും പ്രവർത്തിക്കുന്നതിനെയും നിലകൊള്ളുന്നതിനെയുമെല്ലാം താൻ ഒരുപാടു ഇഷ്ടപെടുന്നു.

എന്നാൽ ഇത്രയും ബോൾഡ് ആയ ശോഭ ഫെമിനിസ്റ്റ് എന്ന വാക്കിനെ ഇഷ്ടപ്പെടുന്നില്ല. സ്ത്രീകളെ അങ്ങനെ ഒരു പേരിലോ വിഭാഗത്തിലോ ഒതുക്കുന്നതു ഇഷ്ടപ്പെടുന്നില്ല. എന്നാൽ തീർച്ചയായും ലിംഗ നീതിയിലും തുല്യതയിലും വിശ്വസിക്കുന്നു.

%d bloggers like this: