ബുധിനി എന്ന ഇന്ത്യ

ആലാഹയുടെ പെണ്മക്കൾ എന്ന നോവലിലൂടെ കേരളീയ ജനതയുടെ മനം കവർന്ന സാറ ജോസ്ഫ്ഉം എഴുത്തുകാരൻ, നാടകകൃത്തു, വിമർശകൻ എന്നയീ നിലയിൽ എല്ലാം പേരെടുത്തിട്ടുള്ള സിവിക് ചന്ദ്രനും ‘ബുധിനി എന്ന പെൺകുട്ടി ആരാണ്?’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സംഭാഷണത്തിൽ ഏർപെടുകയുണ്ടായി.

സാറ ജോസ്‌ഫോറിന്റെ ഏറ്റവും പുതിയ നോവലിലെ പ്രധാന കഥാപാത്രമാണ് ബുധിനി. പക്ഷെ അതിനും അപ്പുറം യാഥാർഥ്യങ്ങളുടെ ലോകത്തു അവളാരാണ്? ഈ നോവലിന് കാരണമായ സംഭവവും ഒരു ഖണ്ഡികയോളം വരുന്ന കഥാസാരവും നൽകി സാറ ജോസഫിനെ ഈ നോവലെഴുതാൻ പ്രോത്സാഹിപ്പിച്ച സിവിക് വിശദീകരിക്കുന്നു.

ദാമോദർ വാലി കോർപറേഷന്റെ(ഡി.വി.സി.) ഒരു അണകെട്ട് ഉത്‌ഘാടനം ചെയ്യാനായി 1959 -ഇൽ നെഹ്‌റു പശ്ചിമ ബംഗാളിൽ എത്തുകയുണ്ടായി. അന്ന് താനല്ല ,ഈ അണക്കെട്ടിന്റെ തൊഴിലാളികളാണ് ഈ ഉത്‌ഘാടനം നിർവഹിക്കേണ്ടത് എന്ന സദുദ്ദേശത്തിൽ നെഹ്‌റു ആ ഉത്‌ഘാടനം തൊഴിലാളിയായ ഒരു സന്താൾ യുവതിയെ കൊണ്ട് നിർവഹിപ്പിച്ചു.ബുധിനി എന്നായിരുന്നു അവളുടെ പേര്. ഭരണഘടനയിലെ ഇന്ത്യൻ ഭാഷകളുടെ നിരയിൽ സന്താൾ ഉൾപെടാതിരുന്ന ഒരു കാലത്താണിതെന്നു ഓർക്കണം.

വളരെ മനോഹരമായ രീതിയിൽ ഉത്‌ഘാടനം പൂർത്തിയാക്കി ബുധിനി അവളുടെ ഗ്രാമത്തിലേക്ക് മടങ്ങി. എന്നാൽ സംഭവിച്ചതെന്താണ്? നെഹ്‌റു അവളെ മാലയണിയിപ്പിച്ചു എന്ന കുറ്റത്തിന്റെ പേരിൽ, അവളുടെ ഗോത്രം അവളുടെ വിവാഹം കഴിഞ്ഞതായി പ്രഖ്യാപിച്ചു. ‘ദ്വിഗു’ അഥവാ വരത്തനായ നെഹ്‌റുവിനെ കല്യാണം കഴിച്ച കുറ്റത്തിന് അവളെ ഗ്രാമത്തിൽ നിന്ന് പുറത്താക്കി.

ഈ പെൺകുട്ടി സിവിക്കിന്റെ ഭാവനയിൽ അഥവാ സാഹിത്യാവിഷ്കാരത്തിൽ കുറേ വർഷങ്ങൾക്ക് ശേഷം അവളുടെ ഗ്രാമത്തിലേക്ക് മടങ്ങി പോകുന്നു. എന്നാൽ അന്ന് തന്നെ നാട്ടിൽ നിന്ന് പുറത്താക്കിയ ഗ്രാമമോ അമ്പലമോ അവൾക്കു കണ്ടെത്താൻ ആകുന്നില്ല. എല്ലാം വെള്ളത്തിൽ മുങ്ങി പോയിരിക്കുന്നു. അവൾ രാജീവ് ഗാന്ധിയെ ചെന്ന് കാണുന്നു. നിങ്ങളുടെ മുത്തശ്ശൻ തന്റെ ജീവിതം തുലച്ചെന്നു കുറ്റപ്പെടുത്തുന്നു. രാജീവ് ഗാന്ധി അവൾക്കു ഒരു പിയൂണിന്റെ ജോലി നൽകുന്നു. കുറച്ചു വർഷങ്ങൾക്ക് ശേഷം പിന്നെയും അവൾ അവളുടെ നാട്ടിലേക്ക് മടങ്ങി പോകുന്നു. അന്ന് റിസെർവോയർ വറ്റിയിരിക്കുന്നു. അവളുടെ ഗ്രാമവും അമ്പലവും കാണാം. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളായി കണ്ടു നെഹ്‌റു ഇന്ത്യൻ ജനതയ്ക്കായി സമർപ്പിച്ച അണകെട്ട് വറ്റിയെങ്കിലും, അവളുടെ ഗ്രാമത്തിലെ പഴയ ഒരു കുളം നിലനിൽക്കുന്നു. തന്റെ കുഞ്ഞിനെ ആ കുള കരയിൽ നിർത്തിയിട്ട് ബുധിനി ആത്‍മഹത്യ ചെയുന്നു. വികസിത ഇന്ത്യയ്ക്ക് വേണ്ടി നമ്മൾ നൽകിയ കുരുതി. ഈ കഥ മറ്റുള്ളവരോടും വായനക്കാരോടും പറഞ്ഞു കൊടുക്കുന്ന ദാമോദർ താഴ്‌വഴയിലെ ഗൈഡ് ബുദ്ധിനിയുടെ ആ കുഞ്ഞാണ്‌.

ആദ്യത്തെ അഞ്ചു അദ്ധ്യായങ്ങളോളം സിവിക്കിനെ കാണിച്ചതിന് ശേഷമാണു സാറ ജോസഫ് ജാർഖണ്ഡിലേക്കു പോയത്, മാധ്യമങ്ങൾ കണ്ടിട്ടില്ലാത്ത ബുദിനിയുടെ കഥയും ജീവിതവും പകർത്താൻ. സാല് മരങ്ങളെയും മരിച്ചവരെയും ആരാധിക്കുന്ന ബുധിനിയുടെ നാട്ടുകാരെ അവിടെ അവർ കണ്ടു.ജാഹെയർ എന്ന മരങ്ങളുടെ താവളവും ബോൻജെയ്ക്കളെയും കണ്ടു. മണ്ണരച്ചു ചേർത്തെഴുതിയ ചുവരുകളും അതിലെ ചിത്രരചനകളും കണ്ടു, അവരുടെ പാട്ടും നിർത്തവും കളിമൺ ശില്പങ്ങളും കണ്ടു. ദാരിദ്ര്യത്തെ അതിജീവിക്കാനുള്ള ദുസ്സാമർഥ്യങ്ങൾ ഇല്ലാത്ത ഒരു ജനതയെയും നോവലിസ്റ് അവിടെ കണ്ടു.

ആ നാട്ടിലെ 76 % ആളുകളാണ് അണകെട്ട് കാരണം ഒഴിഞ്ഞു പോയത്. പക്ഷെ ഇവരെ അധികൃതർ വിഭജനത്തിന്റെ കാരണത്താൽ പലായനം ചെയ്തവരുടെ കൂട്ടത്തിലാണ് കണക്കുകളിൽ കാണിക്കുന്നത്. ഇവരുടെ തുടർന്നുള്ള നരക തുല്യമായ ജീവിതങ്ങളും ഈ നോവൽ അന്വേഷിക്കുന്നു. അടുത്തുള്ള കൽക്കരി ഖനന മേഖലയിൽ ആണ് ഭൂരിഭാഗം പേരും ജോലിയ്ക്കായി എത്തിയത്, അവരുടെ വയലുകൾ വെള്ളം കൊണ്ട് പോയത് കൊണ്ട്. അവിടെ ജോലി ചെയ്തു മറ്റൊരു കൽഖരി കഷണമായി എരിഞ്ഞു തീരുകയാണ് അവരിൽ പലരും.ഇത്തരം ‘വികസനത്തിന്റെ അഭയാർത്ഥികൾ’ നമുക്കു ചുറ്റും എപ്പോഴുമുണ്ട്. പക്ഷെ അവരെ കാണാനും സംരക്ഷിക്കാനും ജനങ്ങളുമില്ല സർക്കാറുമില്ല.

‘എല്ലാ പുഴകളും ശാന്തമായി ഒഴുകട്ടെ’ എന്ന ടാഗോറിന്റെ വരികളെ കാളും നമ്മളെ പ്രകമ്പനം കൊള്ളിച്ചിട്ടുള്ളത് അണകെട്ടുകളെ വാഴ്ത്തുന്ന തോപ്പിൽ ഭാസിയുടെ ‘പുതിയ ആകാശവും പുതിയ ഭൂമിയുമാണ്’. അമേരിക്കൻ പ്രസിഡന്റുമാർ തങ്ങൾ വികസിത രാഷ്ത്രമാണെന്നു പറഞ്ഞപ്പോൾ, അന്ധരായി അവരെ അനുഗമിക്കാൻ നില്കാതെ, നമ്മുടെ പാരമ്പര്യങ്ങളിലെ തെറ്റുകൾ തിരുത്തിയാൽ പോരായിരുന്നോ എന്ന് സിവിക് ചിന്തിക്കുന്നു. “ഹാ! പോംവഴി വേറൊരു വിധമായിരുന്നെങ്കിൽ” എന്ന് വൈലോപ്പളി പാടുന്നത് പോലെ.കാലഹരണപെട്ടതു എന്ന് വിളിച്ചു കൃതികളെ ക്ഷമിക്കാതെ, തെറ്റായ കൃതികളെ റദ്ദാക്കുകയും പുനരാവിഷ്കരിക്കുക്കയും വേണമെന്നും സിവിക് അഭിപ്രായപ്പെട്ടു.

ജാർഖണ്ഡ് സന്ദർശനത്തിന്റെ ഭാഗമായി വൈദ്യുതി പുറപ്പെടുവിക്കാത്ത 8 കിലോമീറ്റർ അകലത്തിലുള്ള മൈതോണ്, പാഞ്ചേറ്റു അണകെട്ടുകളെ കണ്ടപ്പോൾ, ഇതാണോ വികസനം എന്ന് നോവലിസ്റ് സംശയിക്കുകയുണ്ടായി.അതിലും തമാശയായിരുന്നു രാവൺ മാഞ്ചേ എന്ന അൽഷിമേഴ്‌സ് ബാധിതനായ വൃദ്ധനെ കണ്ടപ്പോൾ. മറ്റാരുമല്ല ബുധിനയോടൊപ്പം അണകെട്ട് ഉത്‌ഘാടനം ചെയ്യാനായി നെഹ്‌റു വേദിയിലേക്ക് ക്ഷണിച്ച മറ്റൊരു സന്താൾ യുവാവ്. ബുദ്ധിനിയെ കുറിച്ച് സംസാരിക്കാൻ ആ വൃദ്ധൻ തയ്യാറായില്ല, അത് വിഷമമാണെന്നാണ് പറഞ്ഞത്. പകരം ഉത്‌ഘാടനം ചെയ്യാൻ വന്നപ്പോൾ തനിക്കു സൗജന്യമായി ഒരു വീടും അതിൽ വൈദ്യതിയും നൽകാമെന്ന് നെഹ്‌റു പറഞ്ഞിരുന്നു. അതൊന്നു അദ്ദേഹത്തെ ഓർമിപ്പിക്കണേ എന്നെ ആ വയോധികനു പറയാനുണ്ടായിരുന്നുള്ളു. വാഗ്ദാനങ്ങൾ മറക്കാൻ രാഷ്ട്രീയക്കാരുടെ അത്രയും പെട്ടെന്ന് കഴിയില്ലല്ലോ സാധാരണക്കാർക്ക്!

ചുരുക്കി പറഞ്ഞാൽ ബുധിനി ഇന്ത്യ തന്നെയാണ്, ഇന്ത്യൻ വികസന ചരിത്രത്തിന്റെ യഥാർത്ഥ മുഖം ആ സന്താൾ യുവതിയുടേതാണ്.

%d bloggers like this: