മലയാള നോവൽ ലോകഭൂപടത്തിൽ

ലോകത്തിലേ നോവൽ ഭൂപടത്തിൽ മലയാള സാഹിത്യത്തിന് എന്തെങ്കിലും സ്ഥാനമുണ്ടോ? കേരള സാഹിത്യോത്സാവത്തിന്റെ ഭാഗമായി ഈ വിഷയത്തെ കുറിച്ച് സംസാരിക്കാൻ എത്തിയത് ആട് ജീവിതവും, മനുഷ്യനൊരു ആമുഖവും, സുഗന്ധിയും ഒക്കെ കൊണ്ട് മലയാളികളെ മാത്രമല്ല അന്തർദേശിയ വായനക്കാരെയും ത്രസിപ്പിച്ചിട്ടുള്ള ബെന്യാമിനും സുബാഷ് ചന്ദ്രനും ടി.ഡി.രാമകൃഷ്ണനുമായിരുന്നു. എം. നന്ദകുമാറിന്റെ അധ്യക്ഷണത്തിൽ.

എട്ടോ ഒൻപതോ വര്ഷം മുൻപ് മലയാള പുസ്തകങ്ങൾ ലോകം കാത്തിരിക്കുന്ന ഒരു കാലം വരണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും, ഇന്നങ്ങനൊരു കാലം സംജാതമായി കഴ്ഞ്ഞു എന്നും ടി.ഡി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. പ്രേമേയത്തിലായാലും പദസമ്പത്തിന്റെ കാര്യത്തിലായാലും നമ്മുടെ ഭാഷയും സാഹിത്യവും ലോകസാഹിത്യങ്ങളോട് കിടപിടിക്കുന്നുണ്ട്, പക്ഷെ ഇത് മലയാള സാഹിത്യ ശാഖാ മനസിലാക്കുനുണ്ടോ എന്നത് സംശയമാണ്. കാരണം നമ്മുടെ നവീന രീതികളെ ‘മലയാളമിപ്പോൾ മലയാളം അല്ല’ എന്ന് ആക്ഷേപിക്കുന്നവർ കുറവല്ല.

ജാസ്മിൻ ഡേയ്സ് എന്ന ബെന്യാമിന്റെ പുസ്തകം ഇന്ന് ലോക ശ്രെധ നേടുകയാണ്. അതിന്റെ പിന്നിൽ ആ പുസ്തകം വിവർത്തനം ചെയ്തവരുടെ കഴിവും പരിശ്രമവും കൂടെയുണ്ട്. പക്ഷെ നമ്മുടെ വിവർത്തന ശാഖയിൽ ഇപ്പോഴും പരിമിതികളുണ്ട്, അതൊരു വെല്ലുവിളിയാണ്. എന്നിരുന്നാലും മലയാള സാഹിത്യം ലോകസാഹിത്യത്തിൽ സ്വാധീനം ചെലുത്തുന്ന നാളുകൾ വിദൂരമല്ല എന്നും അദ്ദേഹം നിരീക്ഷിച്ചു.

പാശ്ചാത്യ സാഹിത്യങ്ങളുടെ മാതൃകയിൽ എഴുതി തുടങ്ങിയ നമ്മുടെ നോവലുകൾ ഇന്ന് അത്തരം സ്വാധീനങ്ങളിൽ നിന്ന് പുറത്തു കടക്കുകയും പുതു വഴി വെട്ടുകയും ചെയുന്നുണ്ടെന്ന അഭിപ്രായക്കാരനാണ് സുഭാഷ് ചന്ദ്രൻ. ഒ. ചന്ദുമേനോൻ ഇന്ദുലേഖ എഴുതിയതും സി.വി രാമൻപിള്ള വാൾട്ടർ സ്കോട്ടിന്റെ മാതൃകകൾ പിന്തുടർന്നതും നമുക്ക് അറിയാവുന്ന കാര്യങ്ങളാണ്. എഴുത്തു സൗകര്യങ്ങളെയല്ല, അസന്തോഷങ്ങളെയും അതൃപ്തികളെയുമാണ് രേഖപ്പെടുത്തുന്നത്. അതിനു നമ്മൾ ആരുടെയും(ആംഗലേയ സാഹിത്യത്തിന്റെയോ പാശ്ചാത്യ സാഹിത്യത്തിന്റെയോ) കീഴാളനായി സ്വയം കാണേണ്ട ആവശ്യമില്ല. ലോകം മലയാള നോവലുകളെ ആദരിക്കുകയോ ആദരിക്കാതിരിക്കുകയോ ചെയ്തോട്ടെ. ഇത്തരം ആവിഷ്കാരങ്ങളെ നമ്മൾ മാനിക്കുക തന്നെ വേണം എന്നും അദ്ദേഹം പറഞ്ഞു.

പരിഭാഷ പദ്ധതികളിൽ വീഴ്ച ഉണ്ടെന്നും, എന്നാൽ ഇന്നത്തരം അവസ്ഥകൾ മാറുകയാണെന്നും ബെന്യാമിൻ ചൂണ്ടി കാട്ടി. തർജ്ജിമ ചെയ്ത പുസ്തകങ്ങൾക്ക് പുരസ്‌കാരങ്ങൾ ലഭിക്കുന്നത് മറ്റു ഭാഷകളിലേക്കും പുസ്തകങ്ങൾ തർജ്ജിമ ചെയ്യാൻ വഴി ഒഴുക്കുന്നുണ്ട്. പക്ഷെ ഈ സാഹചര്യത്തിൽ നമ്മുടെ എഴുത്തുകൾ അന്തർദേശിയ നിലവാരം പുലർത്തേണ്ടതുണ്ട്, ഇതൊരു വെല്ലുവിളിയാണ്. കാരണം അന്തർദേശിയ എഴുത്തുകാരോടാണ് നാം മത്സരിക്കുന്നത്, നമ്മുടെ വായനക്കാരും അത്രയും പ്രബുദ്ധരാണ്. പലപ്പോഴും അന്തർദേശിയ വായനക്കാരെയും മനസിലിഴുത്തി നോവലിലെ വിശദീകരണങ്ങൾ വിപുലമാകേണ്ടി വരുന്നു. പക്ഷെ നമ്മുടെ ഭാഷയ്ക്ക് എന്ത് ചിന്തയെയും സാഹചര്യത്തെയും ഉൾക്കൊള്ളാനുള്ള ശക്തിയും സമ്പത്തും ഭാവുകത്വവും ഉണ്ടെന്നുള്ളത് നമ്മുടെ ഭാഗ്യമാണ് എന്നും അദ്ദേഹം വിശദീകരിച്ചു.

ബെന്യാമിന്റെ പുസ്തകങ്ങൾ വായിച്ച ലാറ്റിൻ അമേരിക്കകാരുണ്ടെന്നു കേൾക്കുന്നത് മലയാളിക്ക് ഉൽപുളകം ഉണ്ടാക്കുന്ന വാർത്തയാണ്. മാർകേസിന്റെ പുസ്തകങ്ങൾക്കായി നെഞ്ചിടിപ്പുകളോടെ കാത്തിരുന്ന മലയാള ജനത, ഗാബ്ബോയുടെ നാട്ടുകാർ നമ്മുടെ സാഹിത്യവും ആസ്വദിക്കുന്നുണ്ടെന്നു കേൾക്കുന്നത് ഒരു അഭിമാനം തന്നെയാണ്. അതുപോലെ ടി.ഡി യുടെ സുഗന്ധിക്ക്‌ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ശ്രീലങ്കയിലെ സിംഹളകാരുടെ ഇടയിലും തമിഴ് വായനക്കാരുടെ ഇടയിലുമാണെന്നുമുള്ളതും അതിശയകരമാണ്. നിശ്ചലമായ ‘ഉഴില്ലകിഴങ് കഴിക്കുന്നവർ’ എന്ന വാൻഗോഗ് ചിത്രത്തിൽ നിന്ന് കഥാപാത്രങ്ങൾ ചലിച്ചു പുറത്തുവരുന്നത് കാട്ടി ജാപ്പനീസ് സംവിധായകൻ ലോകത്തിന്റെ കയ്യടി വാങ്ങുമ്പോൾ, നമ്മുടെ കൊച്ചു കേരളത്തിലെ സുബാഷ് ചന്ദ്രൻ ഇത് തന്റെ കഥയിൽ അതിനും മുൻപേ ആവിഷ്കരിച്ചിടുണ്ട് എന്നും നമുക്കു മറക്കാതിരിക്കാം.

%d bloggers like this: