നിപ്പ ഓഖി പ്രതിരോധ മതിലുകൾ

കെ.എൽ.എഫ്- ഇന്റെ മൂന്നാം ദിവസം അല്പം ഓടി കിതച്ചാണ് ഞാൻ ‘അക്ഷരം’ എന്ന രണ്ടാം നമ്പർ വേദിയിൽ എത്തിയത്. ‘നിപ്പയും പ്രളയവും’ എന്ന കെ.കെ ശൈലജ ടീച്ചറുടെയും മെഴ്‌സികുട്ടിയമ്മയുടെയും സംവാദം മനില സി മോഹന്റെ അധ്യക്ഷണത്തിൽ നേരത്തെ തുടങ്ങിയിട്ടുണ്ടായിരുന്നു.2017 നവംബറിൽ കേരളജനതയെ ഒന്നടങ്കം ഭീതിയിൽ ആഴ്ത്തിയ ഓഖിയും, 2018 -ഇൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 16 ഓളം മനുഷ്യജീവനുകളെ അപഹരിച്ച നിപ്പ അണുബാധയുമായിരുന്നു പ്രധാന ചർച്ച വിഷയം.

നിപ്പ പ്രതിരോധം

എല്ലാ മനുഷ്യനും സ്വയം സേനാപതികളായ ചെറുത്തുനില്പായിരുന്നു നിപ്പ അതിജീവനത്തിനു പിന്നിൽ എന്ന് ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു. അണുബാധയാണെന്നു തുറന്നു പറഞ്ഞാൽ ജനങ്ങൾ പരിഭ്രമിക്കും, എന്നാൽ പറയാതെയിരിക്കാനും വയ്യ. ഉടനെ തന്നെ കോഴിക്കോട് ഐസൊലേഷൻ വാർഡ് തുറന്നു. കേന്ദ്രത്തിൽ നിന്നും സഹായത്തിനു ടീമെത്തി, അവരെയും കേരള ടീമിനെയും ഏകോപിച്ചു. ഭീതി പരത്താതെ വാർത്തയും അടിയന്തരമായ നിർദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ കോഴിക്കോടിലെ മാധ്യമങ്ങൾ അഭിനന്ദനാർഹമായ രീതിയിൽ പ്രവർത്തിച്ചു.ഇതിനിടയിൽ മലപ്പുറത്ത് അണുബാധയുള്ളതായി നിരീക്ഷിച്ചു. ഉടനെ തന്നെ മലപ്പുറത്തും കണ്ട്രോൾ റൂമും യൂണിറ്റും തുടങ്ങി.

മഹാരാഷ്ട്രയിൽ നിന്ന് മരുന്നുകൾ നാട്ടിലെത്തിച്ചു. ഓസ്‌ട്രേലിയയിൽ പുതിയതായി വികസിപ്പിച്ചെടുത്ത മരുന്ന് നിയമത്തിന്റെ നൂലാമാലകൾ നിർവഹിച്ചു അടിയന്തരമായി എയർ-ലിഫ്റ്റ് ചെയ്തു കോഴിക്കോടെത്തിച്ചു. എന്നാൽ ഇത് ഉപയോഗിക്കേണ്ടി വന്നില്ല. അതിനോടകം തന്നെ അണുബാധ നിയന്ത്രിക്കാൻ സാധിച്ചിരുന്നു. 18 പേരിൽ നിരീക്ഷിച്ച അണുബാധ 16 ജീവനുകൾ കവർന്നു, എന്നാൽ ആ 2 പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷവും സംതൃപ്തിയുമുണ്ട്. അമേരിക്കയിൽ നിന്ന് പോലും ഈ ചെറുത്തുനില്പിനു് അഭിനന്ദനങ്ങളെത്തി.

ഇപ്പോൾ ആലോചിക്കുമ്പോൾ മഹത്തരമായ ഒരു പ്രവർത്തിയും കൂട്ടായ്മയുടെ ഫലവുമായൊക്കെ തോന്നുന്നുണ്ടെങ്കിലും, അന്ന് ഭയന്ന് നില്ക്കാൻ പറ്റിയില്ല എന്നതാണ് സത്യം. അണുബാധ പടരാൻ സാധ്യതയുള്ളതിനാൽ വൈദ്യ രംഗത്തിൽ നിന്നുള്ളവർക്കല്ലാതെ മറ്റാരെയും സഹായത്തിനായി വിളിക്കാനും പറ്റുമായിരുന്നില്ല. ഒരു ചെറിയ ഉദാഹരണം പറയുകയാണെങ്കിൽ ഗൾഫിൽ നിന്ന് ഒരു കോടിയോളം രൂപയുടെ പ്രതിരോധ ഉപകരണങ്ങളെത്തി. എന്നാൽ ഇത് ഉപയോഗിക്കാനും നീക്കം ചെയ്യാനും പ്രത്യേകം പരിശീലനം ആവശ്യമായി വന്നു.

പ്രധാനമായും മൂന്ന് ആശങ്കകളാണ് ടീച്ചർക്കും സംഘത്തിനും നേരിടേണ്ടി വന്നത്. ഒന്നാമതായി ചെങ്ങല്ലൂരിൽ നിന്നുള്ള ജനങ്ങളുടെ പലായനം. അണുബാധയേല്ക്കും എന്ന് പരിഭ്രാന്തരായ ജനങ്ങൾ കൂട്ടത്തോടെ ആ ഗ്രാമം വിടുകയാണുണ്ടായത്. എന്നാൽ ടീച്ചറും സംഘവും നേരിട്ട് ആ ഗ്രാമത്തിലെത്തുകയും ജനങ്ങളുമായി സംസാരിക്കുകയും അവരുടെ തെറ്റായ മുൻവിധികൾ തിരുത്തുകയും ചെയ്തപ്പോൾ ഇതിനൊരു ആശ്വാസമുണ്ടായി. രോഗിയുടെ കണ്ണിൽ നോക്കിയാൽ രോഗം പടരുമോ എന്ന് ഭയന്ന നാട്ടുകാരോട് ക്ഷമയോടെ വവ്വാല് കടിച്ച പഴങ്ങൾ കഴിക്കരുത് എന്നും, രോഗിയുടെ ചുമ തുമ്മൽ എന്നിവയിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കണമെന്നും, മാസ്ക് ഉപയോഗിച്ചാൽ മതിയെന്നുമുള്ള നിർദേശങ്ങൾ നൽകി.

ഇതിനിടയിൽ രോഗ ബാധ്യത സ്ഥലങ്ങളിൽ നിരന്തരമായി പോവുകയും പ്രവർത്തിക്കുകയും ചെയുന്ന ടീച്ചറെയും സംഘത്തെയും പലരും ആശങ്കയോടെ വീക്ഷിക്കാൻ തുടങ്ങി. ‘ലിനിയെ (നിപ്പയിൽ മരണപ്പെട്ട മലയാളി നേഴ്സ്) നമുക്ക് രക്ഷിക്കാൻ ആയില്ല. ഇതിനടയിൽ സംഘത്തിലെ ജയശ്രീയ്ക് പനി വന്നു. ഇത് ആശങ്കയ്ക് കാരണമായി. അതുപോലെ ഡോക്ടർ അനൂപ് നിരന്തരമായി രോഗികൾക്കൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തിലും ഞങ്ങൾ അതീവ ശ്രദ്ധാലുക്കളായിരുന്നു.”

മൂന്നാമതായി നേരിടേണ്ടി വന്ന ആശങ്ക മരണപ്പെട്ട രോഗികളുടെ മൃതശരീങ്ങളുടെ സംസ്കരണമായിരുന്നു. വേദനാജനകമെങ്കിലും മൃതശരീരങ്ങൾ വീട്ടുകാർക്ക് വിട്ടു കൊടുക്കാൻ സാധിക്കുമായിരുന്നില്ല.വൈദ്യുതി ഉപയോഗിച്ച് ശരീരങ്ങൾ ദഹിപ്പിച്ചുകൊണ്ടുള്ള സംസ്കരണത്തിന് സഹായിച്ചത് ഡോക്ടർ ഗോപകുമാറാണ്. ഇതിനടയിൽ ഒരു മുസ്ലിം മരിച്ചപ്പോൾ ഈ മാർഗം സ്വീകരിക്കാൻ പറ്റാതെയായി. അപ്പോൾ ‘ഡീപ് ബറിയൽ’ എന്ന മാർഗ്ഗമാണുപയോഗിച്ചതു. ആഴത്തിലുള്ള കുഴിയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് ശരീരം മറവു ചെയുന്ന പ്രക്രിയ. എന്നാൽ ഇതിനു മുതിർന്നപ്പോൾ ജനങ്ങളിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നു. അന്ന് ജനങ്ങളെ കണ്ടു സംസാരിക്കുകയും മറവു ചെയ്യാനുള്ള എല്ലാ സഹായവും ചെയ്തത് കളക്ടർ ജോസാണ്. അദ്ദേഹത്തെയും ടീച്ചർ നന്ദിയോടെ ഓർത്തു.

ഇന്ന് ലോകാരോഗ്യസംഘടനകളുടെയല്ലാം വേദികളിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധികൾക്ക് പ്രാമുഖ്യം ലഭിക്കുന്നു. ഡോക്ടർ സരിതയെ ഒരു പേപ്പർ അവതരിപ്പിക്കാൻ ക്ഷണിക്കുകയുണ്ടായി. ഇതെല്ലം ലോകത്തിനു മാതൃകയാകുന്ന രീതിയിലുള്ള നമ്മുടെ കൂട്ടായപരിശ്രമങ്ങളുടെ വിജയമാണെന്നാണ് ടീച്ചർ പറഞ്ഞു.

ഓഖി യുദ്ധം

2017 നവംബർ മാസത്തിൽ കേരളത്തെ തീരദേശ ഭാഗങ്ങളെ ആക്രമിച്ച ഓഖി ചുഴലിക്കാറ്റിനെ കുറിച്ചും ആ സമയത്തു കൈകൊണ്ട നടപടി ക്രമങ്ങളെ കുറിച്ചുമായിരുന്നു മെഴ്‌സികുട്ടിയമ്മ സംസാരിച്ചത്. നന്നായി സംസാരിച്ചു നിർമല സീതാറാം മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും കൈയ്യടി കൊണ്ട് പോയില്ലേ എന്ന മനിലയുടെ ചോദ്യത്തോടെയാണ് ഈ സംഭാഷണം തുടങ്ങിയത്. തങ്ങളെ ഏല്പിച്ചു തന്നിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ചെയ്തിതീർക്കുന്നതിലെ ശ്രദ്ധ ചെലുത്താറുള്ളുവെന്നും അത് ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ മാധ്യമങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ആശങ്ക പെടാറില്ലെന്നുമാണ് മെഴ്‌സികുട്ടിയമ്മ പറഞ്ഞത്.

ഉൾക്കടലിൽ 70 നൗട്ടിക്കൽ മൈൽ അകലെ നടന്ന രക്ഷാകര പ്രവർത്തനങ്ങളെ കുറിച്ച് കരയിലിരിക്കുന്ന ജനങ്ങളെ അറിയിക്കുന്നതിൽ സ്വാഭാവികമായും കാലതടസവും സാങ്കേതിക തടസങ്ങളും നേരിട്ടു. കടലിൽ നിന്ന് രക്ഷിച്ച മത്സ്യത്തൊഴിലാളികളെയും കൊണ്ട് ആശുപത്രികളിലേക്ക് പോകുന്ന ആംബുലൻസുകളെ പോലും നാട്ടുകാർ തടഞ്ഞു. അത് പോലെ തന്നെ രക്ഷിക്കാൻ ചെന്നവരുടെ കൂടെ ബോട്ട് ഉപേക്ഷിച്ചു ചെല്ലാൻ മസ്യത്തൊഴിലാളികളും വിസമ്മതിച്ചു.ഇത്തരം പ്രശ്നങ്ങളുടെ പിന്നാലെ പായുന്ന തിരക്കിൽ, നിർമ്മലയുടെ വാക്കുകളെ വൈകാരികമായി കണ്ടില്ല, അങ്ങനെ പ്രതികരിച്ചതുമില്ല. നിപ്പയുടെ കാര്യത്തിൽ കഴിഞ്ഞത് പോലെ എന്തെ മിനിസ്റ്റർക്കു ജനങ്ങളെ നേരിട്ടു കണ്ടു കാര്യങ്ങൾ ബോധിപ്പിക്കാൻ കഴിഞ്ഞില്ല എന്ന സംശയങ്ങൾ സ്വാഭാവികമായി എന്റെ മനസ്സിൽ ഉതിർന്നു.

ഇവയെക്കൂടാതെ ലിംഗനീതി, ശബരിമല വിഷയം എന്നിവയെ കുറിച്ചും മന്ത്രിമാർ സംസാരിച്ചു. അക്രമശക്തമാകുന്ന സ്ത്രീകളെ വിമർശിക്കാൻ വരുന്നവർ, അനീതിയ്‌ക്കെതിരെയുള്ള സ്ത്രീകളുടെ പ്രതിരോധനത്തെ അഭിനന്ദിക്കാനും പഠിക്കണമെന്ന് ഇവർ അഭിപ്രായപ്പെട്ടു.

നിപ്പയുമായി ബന്ധപെട്ടു ഇപ്പൊ ചർച്ച ചെയുന്ന ഒരു വിവാദം- നിപ്പയുടെ സമയത്തു താത്കാലികമായി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു. ഈ വിഷയത്തിൽ സർക്കാരിന്റെയും ജനങ്ങളുടെയും പിന്തുണ ലഭിക്കാനായി ഏതാനം ഉദ്യോഗസ്ഥർ സാഹിത്യോത്സാവത്തിന്റെ വേദിയിലും സംഘടിക്കുകയുണ്ടായി. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ, ശൈലജ ടീച്ചർ പ്രതികരിച്ചതിങ്ങനെ: നിപ്പയുടെ സമയത്തു സഹായിച്ച പുതിയ അധികൃതരെ നമ്മൾ ആദരിക്കുകയുണ്ടായി. പക്ഷെ അവരെ സ്ഥിര പെടുത്താൻ ബുദ്ധിമുട്ടാണ്. അതിനെതിരെ സുപ്രീം കോടതിയുടെ ഒരു വിധിയുണ്ട്. താല്കാലികമായിട്ടു എടുക്കുന്ന തൊഴിലാളികളെ 179 ദിവസങ്ങൾക്കു ശേഷം പിരിച്ചു വിട്ടു, പുതിയ ഉദ്യോഗസ്ഥരെ എടുക്കണം എന്നാണ് വിധി നിഷ്കർഷിക്കുന്നത്. എന്നിരുന്നാലും മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവർത്തിച്ചിരുന്ന 45 പേരെയെങ്കിലും സ്ഥിരപ്പെടുത്താൻ പരമാവധി ശ്രമിക്കിനുണ്ട്.

%d bloggers like this: