ആൾക്കൂട്ടങ്ങളിൽ ഞാൻ ആര്?

ഒറ്റയ്ക്കു നിൽകുമ്പോൾ എന്തൊരു സൽസ്വഭാവികളാണ് കേരളീയർ, ഇന്ത്യക്കാർ. പക്ഷെ കൂട്ടം കൂടിയാലോ? കൂട്ടം കൂടിയാൽ നമ്മൾ കഠിനഹൃദയരും അസ്ഹഷ്ണുതരും ആകുന്നു എന്നാണ് അടുത്ത് നമ്മുടെ സമൂഹത്തിൽ പെരുകി വരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ നമുക്ക് കാണിച്ചു തരുന്നത്.

ഇത്തരം സംഭവങ്ങൾ വടക്കേ ഇന്ത്യയിൽ മാത്രമേയുള്ളു എന്ന് പറഞ്ഞു കൈ കഴുകാനാണ്നമ്മൾ മലയാളികൾ പലപ്പോഴും ശ്രമിക്കാറുള്ളത്. എന്നാൽ വാസ്തവം അതാണോ? അല്ലെന്നു ബി. ർ. പി. ഭാസ്കർ ‘ആൾക്കൂട്ട രാഷ്ട്രിയവും ജനാധിപത്യ ഭാവിയും’ എന്ന വിഷയത്തെ കുറിച്ചുള്ള സംവാദത്തിൽ നമ്മളെ ഓർമപ്പെടുത്തുന്നു. ഈയടുത്തു വളരെ ഗൗരവമായി ചർച്ച ചെയ്യപ്പെട്ട 15 ആൾക്കൂട്ട കൊലപാതകങ്ങളുണ്ട്. അതിൽ ഒന്ന് ആസ്സാമിലും മറ്റൊന്ന് തമിഴ്‌നാട്ടിലും (കുട്ടിയെ തട്ടിക്കൊണ്ടു പോകും എന്ന് ഭയന്ന് ചെയ്തത്) ബാക്കി 13 ഉം ഹിന്ദി സംസ്ഥാനങ്ങളിലുമായിരുന്നു. പക്ഷെ ഇതിൽ പെടാത്ത 7 കൊലപാതകങ്ങൾ കേരളത്തിൽ സംഭവിച്ചു. മധു എന്ന ആദിവാസി ചെറുപ്പക്കാരന്റെ മരണം കേരള മനസാക്ഷിയെ നടുക്കിയ ഒന്നാണ്. എന്നാൽ പിനീട് നടന്ന 6 മരണങ്ങളും വടഖേ ഇന്ത്യയിൽ നിന്ന് വന്നിട്ടുള്ള തൊഴിലാളികളുടേതായിരുന്നു. ഇവയൊന്നും മാധ്യമ ശ്രദ്ധ നേടിയില്ല. അല്ലെങ്കിൽ വെള്ളപൂശിയ ഒരു ചെറു കുറിപ്പായി പത്രങ്ങളുടെ ഉൾത്താളുകളിൽ ഒതുങ്ങി. എന്താ അവർ മനുഷ്യരല്ലേ? അവരുടെ ദാരുണമായ മരണവും ക്രൂരതയല്ലേ? ഇതിലെ ഏറ്റവും വല്യ വൈരുധ്യമെന്തെന്നാൽ, ലോകമെമ്പാടും പ്രവാസിയായി ജീവിക്കാറുളള മലയാളികളാണ് തന്റെ നാട്ടിൽ ജീവനമാര്ഗം നോക്കി വന്ന ചെറുപ്പക്കാരോട് ഈ ക്രൂരത കാട്ടുന്നത് എന്നതാണ്.

പത്രങ്ങളിലും സിനിമകളിലും ദൃശ്യമാധ്യമങ്ങളിലും ആൾക്കൂട്ട ക്രൂരതകൾ കണ്ടു തഴമ്പിച്ചു നമ്മുടെ മനുഷ്യത്വവും മാനുഷിക വികാരങ്ങളും നശിച്ചിരിക്കുന്നു എന്നാണ് സക്കറിയ അഭിപ്രായപ്പെട്ടത്. എല്ലാ ന്യൂസ് പരിപാടികൾക്കും രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളെ വിളിച്ചിരുത്തി, എല്ലാ ചാനലുകളും എല്ലാ വിഷയങ്ങളെയും രാഷ്ട്രീയ വത്ക്കരിക്കുകയാണ്. തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി. ഇവിടെ ചാനലുകളുടെ റേറ്റിംഗുകളിലും ലാഭത്തിലും മാത്രമാണ് ശ്രദ്ധ. അല്ലെങ്കിൽ ചാനൽ ഉടമകളുടെ അജണ്ടകൾക്കായി പാവകളെ പോലെ പ്രവർത്തിക്കുന്ന മാധ്യമക്കാർ. ഈ വിഷയത്തിൽ ദൃശ്യ മാധ്യമം പ്രത്യേകിച്ചും തഴം താണിരിക്കുന്നുഎന്നും സക്കറിയ അഭിപ്രായപ്പെട്ടു.

എന്തിനാണ് എല്ലാ വിഷയങ്ങളിലും ഒരു എൽ .ഡി.എഫ് കാരന്റെയും യു.ഡി.ഫ് കാരന്റെയും അഭിപ്രായം ? ജീവിതത്തിന്റെ നാനാ മുഖങ്ങളിൽ നിന്നുള്ള സാധാരണ കാരുടെ അഭിപ്രായം പോഴേ എന്നാണ് ബി. ർ. പി. ഭാസ്കർ ചോദിക്കുന്നത്? എന്തിനാണ് എല്ലാ ചര്ച്ചകളിലും വെറും 4 % പേരുടെ മാത്രം പ്രതിനിധികളായ ബി. ജെ. പി കാർക് സ്ഥാനം കൊടുക്കുന്നത് എന്ന് സക്കറിയയും ചോദിക്കുന്നു. അതല്ലേ ജനാധിപത്യം എന്ന് ചോദിച്ചപ്പോൾ സക്കറിയ പറഞ്ഞു, അതെ പക്ഷെയത് ഹിറ്റ്ലർക്ക് പൊതുജനത്തോട് തന്റെ ആശയങ്ങൾ പങ്കു വെയ്ക്കാൻ അവസരം കൊടുക്കുന്നത് പോലെ ആണെന്ന്. അതുകൊണ്ടാവാം അങ്ങനെ ഒരവസരം അവർക്കു ഈ സാഹിത്യോത്സാവത്തിൽ ലഭിക്കാഞ്ഞത്. മറ്റൊരു പരിപാടിയിൽ സച്ചിദാനന്ദൻ പറഞ്ഞത് പോലെ – അസഹിഷ്ണുതയോടാണ് നമ്മുടെ അസഹിഷ്ണുത.

പക്ഷെ മാധ്യമങ്ങൾക്കും അപ്പുറം വർഗ്ഗിയത കുത്തി നിറയ്ക്കുന്നത് സോഷ്യൽ മീഡിയ ആണെന്നാണ് ഇത്തരം അക്രമങ്ങൾ നേരിട്ടിട്ടുള്ള കമൽറാം സജീവ് പറഞ്ഞത്. സോഷ്യൽ മീഡിയ എന്ന ജനകീയ വാക്കിനെക്കാളും ഇത്തരക്കാർക്ക് ചേരുന്ന വാക്ക് ‘സോഷ്യൽ സോഫ്റ്റ്‌വെയർ’ എന്നതാണ്. ഒരു കമ്പ്യൂട്ടർ അൽഗോരിതത്തെ പോലെ ഒന്നോ രണ്ടോ ആൾക്കാരുടെ സങ്കുചിതമായ അഭിപ്രായങ്ങൾ ആയിരകണക്കിന് ആളുകളിലേക്ക്‌ എത്തിക്കുന്നവർ.അദൃശ്യരായിരുന്നു സമൂഹത്തിലേക്ക് വർഗീയതയും കുപ്രചരണങ്ങളും നടത്തുന്നത് പേരില്ലാത്ത,മുഖമില്ലാത്ത,ഒരു പക്ഷെ ഫേക്ക് അക്കൗണ്ടുകളുടെ പിന്നിൽ ഒളിക്കുന്ന ഇത്തരം ഒളിപ്പോരാളികളാണ്. സൈബർ ആക്രമണങ്ങളിൽ ആണ് ഇന്ന് ഏറ്റവും കൂടുതൽ അസഹിഷ്ണുത അനുഭവപ്പെടുന്നത്.

മാധ്യമങ്ങൾ കൊട്ടി ഘോഷിക്കുന്ന നവോത്ഥാനത്തിൽ വിശ്വസിക്കുന്നില്ല എന്നും, ആദ്യത്തെ നവോത്ഥാനത്തിന്റെ ആശയങ്ങൾ പോലും ഇന്നും കേരള ജനത വൃത്തിയായി പഠിച്ചിട്ടില്ല എന്നുമായിരുന്നു എൻ.സ്. മാധവൻ അഭിപ്രായപ്പെട്ടത്. ദളിത് ശാക്തീകരണത്തിലും സ്ത്രീ ശാക്തീകരണത്തിലും ആദിവാസി ശക്തികരണത്തിലുമൊക്കെ നാമിനിയും ഒരുപാടു ദൂരം പോകാനുണ്ട്. ആ പാതയിൽ നാം ഉപേക്ഷിക്കേണ്ട എത്രയോ കാരമുള്ളുകൾ – ജാതി, ജാതി- മത ആശയങ്ങളെ കേന്ദ്രികരിച്ച മുൻവിധികൾ, പുരുഷമേധാവിത്വം, അന്യസംസ്ഥാന തൊഴിലാളികളോട് ചെയുന്ന ക്രൂരത, പിന്നോക്ക സമുദായങ്ങളോടുള്ള ക്രൂരത അങ്ങനെ നീളുന്നു ആ നീണ്ട നിര.

ചെന്നായ്ക്കളുടെ കൂട്ടത്തിൽ ചെന്നായും ആട്ടിന്കുട്ടികളുടെ കൂട്ടത്തില് ആട്ടിന്കുട്ടിയുമാകുന്ന സമൂഹമായി അധപ്പതികാതെ, മാനുഷിക വികാരങ്ങളും സ്വതന്ത്ര അഭിപ്രായങ്ങളും ചിന്തിച്ചു തീരുമാനങ്ങൾ എടുക്കാനുമുള്ള തങ്ങളുടെ കഴിവ് ഉപയോഗിക്കുന്നവരുമായി ഇന്ത്യക്കാർ പ്രത്യേകിച്ച് കേരളീയർ ഉയരട്ടെ. തങ്ങളെ ഭരിക്കുന്ന പാർട്ടികളുടെയും ബിസിനസ് അജണ്ടകളുടെയും സ്വാര്ഥതാല്പര്യങ്ങൾക്കപ്പുറം സത്യം ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമ ധർമം പരിപാലിക്കുന്ന ഒരു മാധ്യമ സമൂഹം നമുക്ക് ഉണ്ടാകട്ടെ.ഭൂരിപക്ഷത്തിന്റെയോ പിന്നോക്ക സമുദായങ്ങളുടെയോ ആവശ്യങ്ങൾ മാത്രം പരിഗണിക്കുന്ന രാഷ്ട്രീയ അജണ്ടകൾക്കപ്പുറം ജീവിതത്തിന്റെ നാനാ തുറകളിലുള്ള എല്ലാ മനുഷ്യരുടെയും ആവശ്യങ്ങൾ തുല്യമായി പരിഗണിക്കുന്ന ഒരു സർക്കാർ നമ്മൾ തിരഞ്ഞെടുക്കണം. ഇതിനെല്ലാം പുറമെ ആൾക്കൂട്ടങ്ങളിലും സോഷ്യൽ മീഡിയയുടെ മതിലുകൾക്കപ്പുറവും സ്വകാര്യതയിലും ഞാൻ ആര് എന്ന് ഓരോ മലയാളിയും പുനഃപരിശോദിക്കണം.

%d bloggers like this: