തുല്യതയിലേക്കുള്ള ഇന്ത്യൻ വഴിത്താരകൾ

വൈകിട്ടു 7 മണിക്ക് ‘അക്ഷരം’ എന്ന 2-ആം നംബർ വേദിയിൽ ചരിത്രകാരനും ‘ഇന്ത്യ ആഫ്റ്റെർ ഗാന്ധി’,’ഗാന്ധി ബിഫോർ ഇന്ത്യ’ മുതലായ പ്രസിദ്ധ പുസ്തകങ്ങളുടെ രചയിതവുമായ രാമചന്ദ്ര ഗുഹ ഇന്ത്യക്ക് എങ്ങനെ തുല്യതയിലേക്കു നടക്കാം(Indian road to equality) എന്ന വിഷയത്തെ കുറിചു സംസാരിക്കുകയുണ്ടായി. കെ ടി ദിനേശൻ അദ്ദേഹത്തെ സദസ്സിനു പരിചയപ്പെടുത്തി.

ശബരിമല വിഷയത്തിലൂടെ നമ്മുടെ കൊച്ചു കേരളം ഇന്ന് അന്താരാഷ്ട്ര തലങ്ങളിൽ പോലും ചർച്ച ചെയ്യപെടുകയാണല്ലോ. വനിതാ മതിലിലൂടെ സ്ത്രീകൾ തങ്ങളുടെ തുല്യതയ്ക്കായി നിരത്തുകളിലേക്കു ഇറങ്ങുകയും,ശബരിമലയിൽ പ്രവേശിച്ചു തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്തു. പക്ഷെ ആർത്തവതിന്റെ പേരിൽ ഇന്നും അവർ ശബരിമല വിഷയത്തിൽ സങ്കർഷങ്ങൾ നേരിടുന്നു . ഈ അവസരത്തിൽ തുല്യതയിലേക്കു നമുക്കെങ്ങനെ ഒരുമിച്ചു നടക്കാം എന്ന ചർച്ചയ്ക്കു ഗൗരവം ഏറെയാണ്.

ഒരു വികസിത രാജ്യമായി മാറാൻ ശ്രമിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. എ. പി. ജെ. അബ്ദുൽ കലാമിന്റെ ‘വിഷൻ 2020 ‘ ഇന്ത്യയെ ഒരു വികസിത രാജ്യമായി കാണണം എന്നതായിരുന്നു. പക്ഷെ അഴിമതിയിലും കക്ഷി രാഷ്ട്രിയങ്ങളിലും വർഗീയതയിലും കുരുങ്ങി കിടക്കുകയാണ് നമ്മുടെ രാഷ്ട്രത്തിന്റെ ക്ഷേമം. വികസനമോ? ബാഹ്യമായ വികസനങ്ങളുണ്ട്. പക്ഷെ ആന്തരികമായി നമ്മൾ പലപ്പോഴും പിന്നോട്ട് പോകുന്നു. പണക്കാർ വികസന പദ്ധതികൾ വേണ്ട വിധം ഉപയോഗപ്പെടുത്തി മുൻപോട്ടു പായുമ്പോൾ, ആദിവാസി സമൂഹങ്ങളും ദളിതരും താഴ്ന്ന ജാതിയിൽ ഉള്ളവരും സ്ത്രീകളുമൊക്കെ സ്വന്തം നിലനിൽപ്പിനായി പൊരുതുന്നു. ഇവിടെ ഗുഹ മുൻപോട്ടു വെയ്ക്കുന്ന ചോദ്യവും വ്യത്യസ്തമല്ല. ഒരു വിഭാഗം ജനത ഇപ്പോഴും പട്ടിണിയുടെ, തൊട്ടു തീണ്ടായ്മകളുടെ ഇരുട്ടറകളിൽ ജീവിക്കുമ്പോൾ എങ്ങനെ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാകും? വികസിത രാജ്യമാകും?

എല്ലാ മതങ്ങളും സ്ത്രീകളെ പലവിധ അയിത്തങ്ങളിൽ ഒതുക്കി നിർത്തുന്നുണ്ട്. ശബരിമലയിൽ ആർത്തവം ഒരു കാരണമായി. മറ്റു മതങ്ങളിൽ അതൊരു പ്രശ്നമല്ലായിരിക്കാം . പക്ഷെ കുർബാന ചൊല്ലുന്ന സ്ത്രീകൾ ക്രിസ്തീയ പള്ളികളിലും ഇല്ലല്ലോ? യൂറോപ്പിൽ സ്ത്രീ പുരോഹിതരും ബിഷപ്പുകളുമുണ്ട് . പക്ഷെ നമ്മുടെ നാട്ടിൽ ഇല്ല. ഇവിടെ സ്ത്രീ താന്ത്രികളില്ല, മൗലന്മാരുമില്ല, ഇമാമുമില്ല. ഹൈന്ദവ വിശ്വാസങ്ങളിൽ സ്ത്രീ ദൈവങ്ങൾ ഉണ്ടാകാം. പക്ഷെ സാധാരണ സ്ത്രീകൾ എല്ലാ മതങ്ങളിലും വിവേചനം അനുഭവിക്കുന്നു. നമ്മളെ തുല്യരായി സൃഷ്ടിച്ച ദൈവത്തിൽ തന്നെ അല്ലെ നാം വിശ്വസിക്കുന്നത് എന്ന് പലപ്പോഴും സംശയം തോന്നും. സ്ത്രീയെ പുരുഷന്റെ കീഴിലും ദളിതനെ എല്ലാ മനുഷ്യരുടെ കീഴിലുമായി സൃഷ്ടിച്ച ദൈവമാണോ സത്യം? അതോ അത് വെറും മനുഷ്യരുടെ സ്വാർത്ഥമായ വ്യാഖ്യാനങ്ങളോ?

എല്ലാ ഇന്ത്യൻ സ്ത്രീകൾക്കും പിന്നോക്ക സമുദായ ഇന്ത്യക്കാർക്കും സാമൂഹിക, സാമ്പത്തിക തുല്യതകൾ കിട്ടാതെ ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നു പറയാൻ പറ്റില്ല. ഇന്ന് സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ, അവർ അനുഭവിക്കേണ്ടി വരുന്ന ദാരുണമായ സന്ദർഭങ്ങൾ, പീഡനങ്ങൾ എന്നിവ സൂക്ഷ്മമായി പരിശോദിക്കുമ്പോൾ സ്വതന്ത്ര സമര കാലത്തേ ദളിതരുടെ സമരങ്ങളും ജീവിത സാഹചര്യങ്ങളുമായി അതിനു ഒരുപാടു സാമ്യങ്ങൾ ഉള്ളതായി നമ്മുടെ ശ്രദ്ധയിൽ പെടും. ദളിതർ അനുഭവിക്കുന്ന അല്ലെങ്കിൽ അനുഭവിച്ചിരുന്ന പല ദാരുണമായ വിവേചനങ്ങളും ഇന്നും സ്ത്രീകൾ അനുഭവിക്കുന്നു എന്നതാണ് സത്യം.

ദളിതർ അമ്പലങ്ങളിൽ പ്രവേശിക്കാനും, ജോലി ചെയ്യാനും, പഠിക്കാനും ശ്രമിച്ചപ്പോഴും പൊതു സമൂഹം അതിനെ തെറ്റായി കണ്ടു. മത ജാതി അനുഷ്ടാനങ്ങളുടെ, ആചാരങ്ങളുടെ ലങ്കനമായി കണ്ടു. അന്ന് ശ്രീ നാരായണ ഗുരുവിന്റെ ആത്മീയ നേതൃത്വത്തിൽ ഇന്ത്യയ്ക് മുഴുവൻ മാതൃകയായത് നമ്മുടെ കേരളമാണ്. നവോത്ഥാനം നടന്ന മണ്ണാണ്. ഇന്നിവിടെ സ്ത്രീ അവളുടെ തുല്യതയ്ക്കായി വാദിക്കുമ്പോൾ കലാപങ്ങൾ നടക്കുന്നു.എന്തുകൊണ്ട് ദളിതരുടെ തുല്യത സമരങ്ങളിൽ കൈത്താങ്ങായ, മാതൃകയായ കേരളത്തിന് സ്ത്രീകളുടെ അവകാശ സമരങ്ങൾക്കും ഒരു മാതൃകയായികൂടാ? രണ്ടാമതൊരു നവോത്ഥാനം കൂടെ വേണമെങ്കിൽ കേരളം അതിനൊരു മാതൃകയാകുകയല്ലേ വേണ്ടത് എന്നാണ് ഗുഹ ചോദിക്കുന്നത്.

ഗോഖലെയുടെയും അംബേദ്കറുടെയും വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം ഏതൊക്കെ തലങ്ങളിലാണ് സ്ത്രീയ്ക്കും പിന്നോക്ക സമുദായങ്ങൾക്കും തുല്യത വേണ്ടത് എന്ന് വിശദീകരിച്ചു. ഒന്നാമതായി ദൈവത്തിന്റെ മുൻപിൽ(അതായതു പ്രായോഗിക തലത്തിൽ പറഞ്ഞാൽ മതങ്ങൾക്കുള്ളിൽ). രണ്ടാമതായി നിയമത്തിന്റെ മുൻപിൽ. ഓരോ ഇന്ത്യക്കാരനും ഓരോ വോട്ട് എന്ന് നടപ്പിലാക്കാനേ 70 നീണ്ട സ്വതന്ത്ര വർഷങ്ങൾ കൊണ്ട് നമ്മുടെ രാജ്യത്തിന് സാധിച്ചിട്ടുള്ളു. എല്ലാ ഇന്ത്യക്കാർക്കും തുല്യ അവകാശം, തുല്യ സ്വാതന്ത്ര്യം എന്നിവ നടപ്പിലാക്കാൻ ഇന്നും നമ്മുടെ ഭരണകടനയ്‌ക്കോ അധികാരികൾക്കോ സാധിച്ചിട്ടില്ല. മൂന്നാമതായി സാമൂഹിക സാമ്പത്തിക തുല്യത, സ്വാതന്ത്ര്യം.

ഈ തുല്യതകൾ നമുക്ക് എങ്ങനെ നേടിയെടുക്കാം എന്ന ചോദ്യത്തിനും ഗോഖലെയുടെ വാക്കുകളിൽ നിന്ന് അദ്ദേഹം ഉത്തരം കണ്ടെത്തുന്നു. രണ്ടു തലങ്ങളിൽ നമുക്കു മാറ്റങ്ങൾ വേണം. ദളിതർ മുൻപോട്ടു വന്നു സ്വന്തം അവകാശങ്ങൾ നേടിയെടുത്ത പോലെ(അംബേദ്കറെ പോലെ) സ്ത്രീകളും അവരുടെ അവകാശങ്ങൾക്കായി പൊരുതണം. രണ്ടാമതായി ഗാന്ധിയെ പോലെ ഉയർന്ന ജാതികളിൽ ഉള്ളവർ ദളിതരുടെ അവകാശങ്ങൾക്കായി പൊരുതിയത് പോലെ, പുരുഷന്മാരും സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതണം. മേൽ ജാതി എന്ന ഗർവമാണ് അന്ന് വലിച്ചെറിഞ്ഞതെങ്കിൽ പുരുഷമേധാവിത്തത്തിന്റെ പുറംചട്ടകളാണ് ഇന്നത്തെ പുരുഷന്മാർ വലിച്ചെറിയേണ്ടത്.

ഇത്തരം എല്ലാ മാറ്റങ്ങളും തുടങ്ങേണ്ടത് വ്യക്തികളിൽ നിന്നാണ്. എന്നെയും നിങ്ങളെയും പോലുള്ള ഓരോ വ്യക്തിയിൽ നിന്നും.ഞാൻ മാറിയാൽ എനിക്കൊപ്പം ഉള്ളവരെയും ആ മാറ്റം സ്പർശിക്കും. വ്യക്തികളുടെ മാറ്റമാണ് ഒരു സമൂഹത്തിന്റെ മാറ്റവും പിന്നീട് ഒരു രാജ്യത്തിൻറെ മാറ്റവുമായി മാറുന്നത്. ഇതിനു അവകാശ ബോധം വേണം, ശരിയായ ചരിത്ര ബോധം വേണം, അതിലുപരിയായി ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ കുറിച്ച് അറിയണം. ഇതിനായി നമുക്ക്,പ്രത്യേകിച്ച് യുവതലമുറയ്ക്ക് പരിശ്രമിക്കാം. കാരണം ഇന്നത്തെ യുവജനങ്ങളാണ് ഒരു രാജ്യത്തിന്റെ ഭാവിയും സർവസവും.

.

%d bloggers like this: