പ്രളയം നാശം വിതച്ച ദൈവത്തിന്റെ സ്വന്തം നാട് നടുനിവർത്തി തുടങ്ങിയിട്ടേയുള്ളൂ. പക്ഷെ പ്രളയം തുടച്ചിറക്കിയ വർഗീയതയുടെയും കക്ഷി രാഷ്ട്രീയത്തിന്റെയും നാമ്പുകൾ പിന്നെയും കേരളത്തിന്റെ മണ്ണിൽ മുളച്ചു തുടങ്ങി. ആർത്തവതിയായ സ്‌ത്രീയെ അമ്പലങ്ങളിൽ കേറ്റണ്ട എന്നു പറഞ്ഞു നിരത്തുകളിൽ ഇറങ്ങുന്ന, ഒരു മാസം ചുരുങ്ങിയത് നാല് ഹർത്താലിനെങ്കിലും വഴങ്ങി കൊടുക്കുന്ന സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം അധപതിച്ചു കഴിഞ്ഞു. കക്ഷിരാഷ്ട്രീയത്തിന്റെ ദംഷ്ട്രകളെ മനപൂർവം കണ്ടില്ല എന്നു നടിച്ചു,ചിരിക്കുന്ന മുഖങ്ങളെ വിശ്വസിക്കാൻ മടിക്കാത്ത ഒരു ജനതയായി മാറുകെയാണ് നാമിന്ന്. ഈ സാഹചര്യത്തിൽ ‘പ്രളയനാന്തര അനുഭവവും സാഹിത്യവും’ എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു സംഭാഷണം കേരള സാഹിത്യോത്സാവത്തിന്റെ വേദികളിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ്. അതിൽ പങ്കെടുക്കുന്നത് ഭീതിജനകമായ പ്രളയത്തെ മുഖാമുഖം കാണുകയും തരണം ചെയ്യുകെയും ചെയ്ത മൂന്ന് എഴുത്തുകാർ ആകുമ്പോൾ ഏറ്റവും ഉചിതവും.
വെള്ളപ്പൊക്കത്തെ അതിജീവിച്ച സേതു, ബെന്യാമിൻ, മനോജ് കുറൂർ എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. എൻ. പി. മുഹമ്മദ് ഹാഫിസിന്റെ അധ്യക്ഷണത്തിൽ. പ്രളയത്തിന്റെ ആന്തരിക വശങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് അതിന്റെ ബാഹ്യമായ വശങ്ങളെ കുറിച്ചു സംസാരിക്കാതെ വയ്യ എന്ന അഭിപ്രായകർ ആയിരുന്നു മൂവരും.
തന്റെ പിറന്ന നാടും വളർന്ന നാടും വെള്ളപ്പൊക്കത്തിൽ നശിച്ചതിന്റെ വേദന പങ്കുവെക്കുമ്പോളും; ജാതിയും മതവും നോക്കാതെ, നേതാക്കളെ കാത്തുനിൽക്കാതെ, വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ സ്വയം സംഘടിക്കുകയും കേരളം ജനതയെ സഹായിക്കാൻ മുന്നിട്ടു ഇറങ്ങുകയും ചെയ്ത ചെറുപ്പക്കാരെ പ്രത്യേകമായി അഭിനന്ദിക്കുകയുണ്ടായി സേതു. പിടിപ്പില്ലാത്തവരുടെ കയ്യിൽ ഒരു നാട് കിട്ടിയാൽ ഉണ്ടാവുന്ന പ്രശ്നങ്ങളെ കുറിച്ചു പരാമർശിക്കാനും അദേഹം മടിച്ചില്ല.
ജാതി, മത, പാർട്ടി മതിലുകൾ താൽകാലികമായി പ്രളയ ദിവസങ്ങളിൽ തകർനെങ്കിലും, കൂണുകളെ പോലെ അവ പിന്നെയും പൊങ്ങി വന്നു എന്ന അഭിപ്രായം ആയിരുന്നു ബെന്യാമിന്. ബോണറ്റ് വരെ വെള്ളo പൊങ്ങിയ നിരത്തിലൂടെ കാർ ഓടിച്ച അപകടകരമായ അനുഭവത്തിനോടോപ്പം മണൽ ഖനനം കാരണം ചെളിയിൽ പൂണ്ട അച്ചന്കോവിലാറിനെയും അദേഹം ഓർത്തു. ഇരുപത്തിയഞ്ചു വർഷത്തെ നമ്മുടെ തെറ്റുകൾ തന്നെയാണ് പ്രളയതിൽ കലാശിച്ചത് എന്ന ബോധ്യമാണ് ആദ്യം വരേണ്ടത് എന്നദ്ദേഹം ആവർത്തിച്ചു. പ്രളയത്തിന്റെ പിന്നിലെ 90% കാരണങ്ങളും മനുഷ്യനിർമ്മിതമാണെന്നു മനോജ്ഉം അഭിപ്രായപ്പെട്ടു.
എന്നിരുന്നാലും പ്രളയം മൊത്തത്തിൽ നിരാശാജനകം അല്ലായിരുന്നു .ജയ്സൻ താനൂറിനെയും മത്സ്യത്തൊഴിലാളികളെയും അഭിനന്ദിക്കാൻ കേരളീയർ മറന്നില്ല. ചേക്കുട്ടി പാവകളിലൂടെ കേരളീയരുടെ ചെറുത്തുനിൽപ്പിന്റെ കരുത്തു ഇന്ന് ലോകം മുഴുവൻ അറിയുന്നു. ചേന്ദമംഗലം കൈത്തിരി തൊഴിലാളികളെ സഹായിക്കാൻ തുടങ്ങിയ ഈ സംരംഭം ഇന്ന് ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്.
പക്ഷെ നമ്മൾ തീർച്ചയായും ഇനിയും ഒരുപാട് നന്നാവാനുണ്ട്. നമ്മൾ നമ്മുടെ നാടിനെയും അതിന്റെ ഭൂപ്രകൃതിയെയും പുഴകളെയും കുറിച്ച് കൂടുതൽ അന്വേഷികണം,പഠിക്കണം.
കുളങ്ങളും നെൽപ്പാടങ്ങളും നികത്തുന്നതും, കരിമണൽ ഖനനം ചെയ്യുന്നതും കണ്ടു വളർന്ന ഈ എഴുത്തുകാർക്ക് ഒരു അപേക്ഷയെ ഉണ്ടായിരിനുള്ളു – പരിസ്ഥിതിയുടെകാര്യത്തിൽ എങ്കിലും ജാതിയും മതവും രാഷ്ട്രീയവും മറക്കണം എന്നു. ഇല്ലെങ്കിൽ നാം അടുത്ത വർഷങ്ങളിലും ഇതു പോലെ പുതിയ പ്രളയങ്ങളെ കുറിച്ചും നാശനഷ്ടങ്ങളെ കുറിച്ചും സംസാരിക്കാനായി ഒത്തുചേരേണ്ടി വരും.
ബെന്യാമിൻ വേദനാജനകമായ ഒരു ഓർമ്മ പങ്ക് വെച്ചു. രണ്ട് മതങ്ങളിൽ പെട്ട ഒരു ദമ്പതികൾ പ്രളയത്തിൽ അകപ്പെട്ടു. ഭർത്താവിന്റെ കുടുംബ വീട്ടിൽ വെള്ളം കേറിയിരുന്നില്ല. പക്ഷെ അന്യ മതത്തിൽ പെട്ട ഭാര്യയ്ക്കു അവിടെ പ്രവേശനമില്ല. അതുകൊണ്ടു ഇരുവരും ക്യാമ്പിലേക്ക് വന്നു.മതം, ജാതി, പാർട്ടി – ഇവ നോക്കാതെ മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന കാലം എന്ന് വരും ? മനുഷൻ തന്റെയുള്ളിലെ മനുഷ്യത്വത്തെ പുണരുന്ന കാലം എന്ന് വരും ? പ്രളയത്തിൽ നിന്നും നാം അധികമൊന്നും പഠിച്ചിട്ടില്ല എന്നു സാരം.
പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ പലപ്പോഴും മനുഷ്യ മനസ്സുകളെ തൊട്ട് ഉണർത്താറുണ്ട്.ദുഃഖകരമെങ്കിലും കലയെയും സാഹിത്യത്തെയുമതു പുഷ്ടിപ്പെടുത്താറുമുണ്ട് . യുദ്ധാനന്തര സിനിമകളെ പോലെ.പക്ഷെ പ്രളയത്തിൽ നിന്ന് സാഹിത്യകൃതികൾ എഴുതാനുള്ള മാനസിക അവസ്ഥയിൽ ആണോ നമ്മൾ എന്നു ഈ എഴുത്തുകാർ സംശയിക്കുന്നു. കൈ താങ്ങു നൽകി കര കയറ്റേണ്ട മനുഷ്യ ജീവിതങ്ങളും പുനർ നിർമിക്കേണ്ട നാടുകളുമാണ് നമുക്ക് ചുറ്റും.
പക്ഷെ ആദ്യം പ്രളയത്തിന്റെ വെള്ളം താഴ്ന്നത് പോലെ കേരളീയരുടെ മനസ്സിലെ മതിലുകളും താഴ്ന്ന് ഒലിച്ചു കേരള കര വിട്ട് പോകണം. സ്വാർത്ഥ താൽപര്യങ്ങൾക്കായി പാർട്ടികൾ ഹർത്താൽ ആഹ്വാനം ചെയുമ്പോൾ അലസരായി നാം അതിനു മൗന സമ്മതം നൽകരുത് എന്നും എഴുത്തുകാർ നമ്മളെ ഉപദേശിക്കുന്നു . എങ്കിൽ ചേക്കുട്ടി പാവകളെ പോലെ ഈ പ്രളയ ചേറിൽ നിന്നു നാം തിരിച്ചു വരിക തന്നെ ചെയ്യും എന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു മൂവരും.
Leave a Reply