എനിക്ക് എന്റെ വഴി, നിങ്ങൾക്ക് നിങ്ങളുടേതും

കഥകളിലൂടെ സുപരിചിതനായ ടി. പദ്മനാഭന്റെയും ടി. വി ന്യൂസ് ചാനലുകളിലെ നിറ സാന്നിധ്യമായ വേണു ബാലകൃഷ്ണന്റേയും സംഭാഷണത്തിലൂടെയാണ് എന്റെ കെ.ൽ.എഫ് 2019 അനുഭവം തുടങ്ങിയത്. കഥയിലെ സ്നേഹവും സമൂഹത്തിലെ കലഹവും എന്നതായിരുന്നു സംസാര വിഷയം. നളിനകാന്തി എന്ന കഥാസമാഹാരത്തിലൂടെ എനിക്ക് സുപരിചതനായ പൂച്ചകളെ ഇഷ്ടമുള്ള ഈ കഥാകാരനെ കാണാൻ ആകാംഷയോടെ ‘അക്ഷരം’ എന്ന രണ്ടാം നമ്പർ സ്റ്റേജിലേക്ക് ഞാൻ ഓടി. 10 മണി എന്ന പറഞ്ഞ സമയത്തിന് മുൻപേ സ്റ്റേജിൽ സഹൃദയർക്കായി കാത്തിരിക്കുന്ന ടി. പി. യെ ആണ് ഞാൻ കണ്ടത്. സ്ഥിരമായി വൈകി എത്തുന്ന പ്രശസ്തര്ക്കായി ഉള്ള കാത്തിരിപ്പുകളുടെ ഇടയിൽ ഇതൊരു മനസ്സിന് കുളിർമയേകുന്ന കാഴ്ചയായി.

പ്രസിദ്ധീകരങ്ങളുടെ മുൻവശത്തു മുഖ ചിത്രം വരുന്നതിലല്ല, വായനക്കാരുടെ ഹൃദയത്തിൽ ആഴത്തിൽ പതിയുന്നയത്തിലാണ് ഒരു എഴുത്തുകാരന്റെ കഴിവ് എന്ന് പറഞ്ഞു വേണുവുമായുള്ള സംഭാഷണം അദ്ദേഹം ആരംഭിച്ചപ്പോൾ ആ ഇഷ്ടം കൂടിയതേയുള്ളു. കഥകൾക്ക് ആമുഖം എഴുതാൻ ഇഷ്ടപെടാത്ത, കവിതകളുടെ വരികൾ തന്റെ പുസ്തകങ്ങൾക്ക് മുഖവുരയായി കൊടുക്കുന്ന കഥാകൃത്തു, തന്റെ അനുരാഗം എന്നും കവിതകളോടാണെന്നു തുറന്നു സമ്മതിച്ചു. എന്നാൽ പുതിയ കവിതകളും കവികളും ഇല്ല എന്ന് തുറന്നു വിമർശിക്കാനും അദ്ദേഹം മടിച്ചില്ല.പുതിയ എഴുത്തുകാർക്കിടയിലെ കവിതമോഷണ വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒച്ചപ്പാടുകൾ വേറെ സംഗീതം വേറെ, ചുവർ എഴുത്തുകൾ വേറെ സാഹിത്യം വേറെ” എന്ന് വിശ്വസിക്കുന്ന ഒരു പഴഞ്ചനാണ് താനെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

മഹാകാവ്യമെഴുതിയ കവികളെക്കാളും, മഹാകാവ്യങ്ങൾ എഴുതാത്ത കുമാരനാശാനെ സ്നേഹിക്കുന്ന ഈ കഥാകൃത്തു ,ആശാനേ പോലെ താനും ജാതിയുടെയും മതത്തിന്റെയും പേരിൽ മാറ്റി നിർത്തലുകൾ അനുഭവിച്ചിട്ടുണ്ടെന്നും പങ്കുവെയ്ക്കുകയുണ്ടായി. അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ, ജാതിയും മതവുമില്ലാത്ത ഒരു നാടും സമൂഹവും നമുക്കെത്രയോ വിദൂരത്താണ് എന്നാണ് ഞാൻ വേദനയായോടെ ഓർത്തത്.

ആശാൻ ഇംഗ്ലീഷിൽ എഴുതിയിരുനെങ്കിൽ ലോകം മൊത്തം അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ ആകുമായിരുന്നു എന്നും; ഇംഗ്ലീഷിൽ എഴുതിയാൽ അല്ലെങ്കിൽ ഇംഗ്ലീഷിലേക്കു തർജമ പെടുത്തിയാൽ മാത്രം കൃതികളെ ലോകസാഹിത്യം എന്ന് കരുതുന്ന സംബ്രതായമാണ് ഇന്നുള്ളത്, ഇതൊരു പരിമിതിയാണെന്നും, എന്നാലുമതിൽ വിഷമമില്ല എന്നും അദ്ദേഹം പറഞ്ഞു. നീ മലയാളത്തിൽ എഴുതണ്ട എന്ന് കളിയായി ബഷീർ ഉപദേശിച്ചതും അദ്ദേഹമോർത്തു. താനെന്നും ഒരു പഴഞ്ചനാണെന്നും ലോകം ഓടുന്നതിന്റെ പിന്നാലെ ഓടാൻ വയ്യെന്നും അത് തന്റെ ധികാരമാണെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം . ഇത്തരത്തിലുള്ള മറ്റൊരു ധികാരമാണത്രെ മലയാളത്തിൽ എഴുതണം എന്നുള്ളതും, ഒരിക്കലും നോവൽ എഴുതില്ല എന്നുള്ളതും.

സ്വാതന്ത്ര്യ സമരവും വിഭജനവുമെല്ലാം കണ്ടനുഭവിച്ച ഈ എഴുത്തുകാരൻ കർക്കശക്കാരനായ ഒരു എഡിറ്റർ കൂടിയാണ്, പക്ഷെ അത് സ്വന്തം കൃതികളുടേതു ആണെന്ന് മാത്രം. ജീവിത കഥകളെ കാളും ആത്മ കഥകൾ എഴുതുന്ന ഈ എഴുത്തുകാരൻ, മലയാള തനിമയെകാളും മനുഷ്യത്വത്തിന്‌ പ്രാധാന്യം നൽകുന്നു. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ:
“ഞാനൊരു കൂടല്ലൂർകാരനാണെന്നു വിശ്വസിക്കുന്നില്ല, ഞാനൊരു മനുഷ്യനാണ്.” സത്യം, ദയ, സ്നേഹം, കരുണ എല്ലാം ശാശ്വതമായിരിക്കണം എന്നും,അവ ഒരിക്കലും വെള്ളം ചേർക്കാൻ കഴിയുന്നതാവല്ലേ എന്നും പ്രാർത്ഥിക്കുന്ന ഒരു സാധാരണകാരൻ!

വാക്യങ്ങൾ എന്തെ പകുതിയിൽ അവസാനിപ്പിക്കുന്നു എന്ന് വേണു ചോദിച്ചപ്പോൾ, വായനക്കാർ സഹൃദയർ ആണെന്നും അവർക്കു സൂചനകൾ മതി എന്നും, എല്ലാം പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതെല്ലം ഒന്ന് തിരുത്തിക്കൂടേ, പുതിയ കവികളും കവിതകളുമില്ലേ, നോവൽ എഴുതിക്കൂടെ എന്നൊക്കെയുള്ള വേണുവിന്റെ ചോദ്യത്തിന് ഒരേ ഒരു ഉത്തരമാണ് അദ്ദേഹം നൽകിയത്. 19 വയസ്സിലെ അദ്ദേഹത്തിനറിയാമായിരുന്നു. ജീവിതാംശങ്ങളെക്കാൾ ആത്മാംശ്ങ്ങളുള്ള , വ്യക്തി സംവാദങ്ങളായ കഥകൾ എഴുതാനാണ് തനിക്കിഷ്ടമെന്നു. മനഃപൂർവം ചെയ്തതല്ല. ഇതേ അറിയൂ. ഇതാണിഷ്ടം. ഇതാണ് സത്യവും. ഇതാണ് തനിക്കു ഇഷ്ടമെങ്കിൽ താനത് ചെയ്യട്ടെ, തനിക്കു തന്റെ വഴി, നിങ്ങൾക്കു നിങ്ങളുടേതും എന്നാണദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്.

സമൂഹം നമ്മളെ ഒതുക്കി നിർത്തുന്ന വേലികെട്ടുകൾക്കും, ഉരുക്കിയൊഴിക്കുന്ന സ്ഥിരം അച്ചുകല്കും അപ്പുറത്തായി, അങ്ങ് ദൂരെ ഒരു ഒറ്റയാൾ പോരാളിയായി, അല്ലെങ്കിൽ ഇങ്ങരികിൽ ഈ ആൾക്കൂട്ടത്തിൽ തനിയെ താനായി നിവർന്നു നിൽക്കാനാണ് ഈ കഥാകൃത്തു ആഗ്രഹിക്കുന്നത് എന്ന് തോന്നി പോയി. നല്ല എഴുത്തുകാർ എല്ലാം എന്നും ഒറ്റയാൾ പോരാളികളായിരുന്നല്ലോ. സുപരിചിതമായ പഴയ വഴി കണ്മുൻപിൽ നില്കുമ്പോഴുണ് ലോകത്തിന്റെ നന്മയെയോർത്തു പുതു വഴി വെട്ടാൻ മുതിരുന്ന ധികാരികൾ!

%d bloggers like this: