ഇടത്തെ കൈയ്യിലെ തള്ളവിരൽ അല്പം ചുവന്നിട്ടുണ്ട്. അല്പം തടിച്ചിട്ടുമുണ്ട്. തള്ളവിരൽ! ദൈവമറിഞ്ഞിട്ട പേരാണ്. അല്ല ദൈവമല്ലലോ, മനുഷ്യരല്ലേ? മനുഷ്യർക്ക് അത്രയും ബുദ്ധിയുണ്ടോ? ഇല്ല, എന്റെ അറിവിലില്ല.
ഇടത്തെ കൈയ്യയത് നന്നായി. എഴുതാൻ കുഴപ്പമില്ലലോ! നാളെ അസ്സയിൻമെൻറ് സബ്മിറ്റ് ചെയ്യാനുള്ള അവസാന തിയതിയാണ്. നാളെ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ ഡിസംബറിലും പരീക്ഷയെഴുതാൻ പറ്റില്ല. 2 വർഷംകൊണ്ട് എഴുതിയെടുക്കേണ്ട എം.എ പരീക്ഷ ഇപ്പൊ തന്നെ 3 വർഷമായി. ജോലിക്കിടയിലെ ഒരു അവസാന ശ്രമമാണ്, ഒന്ന് രക്ഷപെടാൻ. പക്ഷെ ഭൂരിഭാഗം മനുഷ്യരും നേരിടുന്ന സങ്കർഷം തന്നെ – സമയമെവിടെ!
രണ്ടുമണി വരെ തറയിൽ കുനിഞ്ഞിരുന്നെഴുതി. നിവർന്നപ്പോൾ ചെറിയൊരു തലചുറ്റൽ പോലെ. ഇത്രയും നേരം കുനിഞ്ഞിരുന്നതിന്റെയാവും. അല്ലേൽ രാത്രി ഭക്ഷണം കഴിക്കാത്തതിന്റെയാവും. അതുമല്ലേൽ പിന്നെ ഉച്ചയ്ക്ക് വെറും കാലിച്ചായയും ചപ്പാത്തിയും കൂട്ടി 3 ഗുളിക കഴിച്ചതിന്റെയാവും. നല്ല സ്ട്രോങ്ങ് ഡോസാണ്. വിറയൽ ഇനിയും നിന്നിട്ടില്ല.
കഴിഞ്ഞ മഴയ്ക്ക് വന്ന പനിയും ജലദോഷവും നല്ലൊരു ചുമയും വെറുതെ കൊണ്ട് നടന്നു വഷളാക്കി ബ്രോങ്കൈറ്റിസാക്കി. അച്ഛനൊന്നു ഭയന്നു, അപ്പൂപ്പന്റെ ടി. ബി ആണോ എന്ന്. ഭാഗ്യത്തിന് അത്രയ്ക്കു കടുത്തിട്ടില്ലാ. ടി. ബി മെനക്കേടാണ്. ചോര തുപ്പും, ചുമ നിൽക്കില്ല, പൈസ തോനെയാവും.
“അടുത്ത ശനിയാഴ്ച നീയെന്നെ കാണാൻ വന്നില്ലെങ്കിൽ നിന്റെ പേര് ഇവിടുത്തെ ചീട്ടിൽ നിന്ന് ഞാൻ വെട്ടും.”
ഡോക്ടർ അപ്പൂപ്പന്റെ ശകാരമാണ്. എണ്ണയിട്ടു മിനുക്കിയ മുടിയും, ചാർളി ചാപ്പിളിന്റെ പോലത്തെ മീശയും. അതോ മുഖമാണോ അങ്ങനെ? മുഖവും അങ്ങനെ തന്നെ. ഒരു രസികൻ ചിരിയുണ്ട്! ഇപ്പോഴും കണ്ടാൽ ചെറുപ്പം, പത്തറുപത്തിയഞ്ചു വയസ്സുണ്ടെന്നു പറയില്ല. സുമുഖൻ, ആരോഗ്യവാൻ. എന്നെ കണ്ടാലുടനെ നഴ്സിനോട് പറയും:
“നല്ല ദീർഘായുസ്സുള്ള കുടുംബക്കാരാണ്. മൂന്നു തലമുറയായി ഞാനാ ഇവരുടെ ഡോക്ടർ. ആദ്യം ഇവളുടെ അമ്മയുടെ അമ്മ, ദി ഗ്രേറ്റ് മാർഗരറ്റ്. ഒരു മാർഗരറ്റ് ടാർച്ചർ തന്നെ! പിന്നെ ഇവളുടെ അമ്മ, അന്നക്കുട്ടി. കൊച്ചുവക്കീല്. ഇവരുടെ ഗ്രാമത്തിലെ ആദ്യത്തെ വക്കീല്. പിന്നെ ദാ ഇവള്. കാണുമ്പോൾ ഒരു ഗൗളിയുടെ അത്രയുമേയുള്ളുവെങ്കിലും ആള് എന്ജിനീരാ. തൃശ്ശൂര് ഗവണ്മെന്റ് കോളെജിലാ പഠിച്ചേ. ഇപ്പൊ തിരുവനന്തപുരത്തു ജോലി ചെയുന്നു. എന്നും പോയി വരുവാ, കൊല്ലത്തു നിന്ന്. അതാ ഈ പനിയും ജലദോഷവും മാറാത്തത്. അലച്ചിൽ തന്നെ.”
“കഴിഞ്ഞ തവണ ഞാൻ പറഞ്ഞതല്ലേ 5 ദിവസം കഴിഞ്ഞും കുറവില്ലെങ്കിൽ എന്നെ കാണാൻ വരണമെന്ന്. എന്നിട്ടിപ്പോ ഒരുമാസം കഴിഞ്ഞു വന്നിരിക്കുന്നു പനിയും കടിപ്പിച്ചു.” (സത്യത്തിൽ രണ്ടാഴ്ചയെ ആയിട്ടുള്ളു. ഒരു മാസം എന്നൊക്കെ ഡോക്ടർ അപ്പൂപ്പൻ വെറുതെ തള്ളുന്നതാണ്.)
നാളെ ഞായറാഴ്ചയാണ്. പള്ളിയിൽ പോകണം. വായനശാലയിൽ പോകണം, പുസ്തകം തിരിച്ചു കൊടുക്കാൻ, അല്ലേൽ ഫൈനാകും. പിന്നെ അമ്മൂമ്മയ്ക്ക് നല്ല സുഖമില്ല. ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോൾ രാത്രിയാവുന്നതു കാരണം ഇതുവരെ കാണാൻ പോകാനൊത്തില്ല. ഇന്ന് വീട്ടിൽ കൊണ്ടുവന്നിട്ടുണ്ട്. നാളെയൊന്നു അവിടം വരെ പോയി കാണണം.
പല്ലില്ലാത്ത അമ്മൂമ്മയുടെ മോണകാട്ടി ചിരിയും, കൊച്ചു പോണി ടെയിൽ മുടിയും, കണ്ണിലേക്കു അരിച്ചിറങ്ങുന്ന നോട്ടവും ഒക്കെ കാണണം. പോകാൻ നേരം ചെറിയ ഒരു കരച്ചിലുണ്ട്. ഒരുപാടു സ്നേഹം ഉള്ളിൽ കിടന്നു തികട്ടുമ്പോൾ അറിയാതെ അലയടിച്ചു വരുന്ന ഒരു വിതുമ്പൽ. ഭാഗ്യമുണ്ടെൽ എന്റെ പേരോർത്തു പറയും. ചിലപ്പോൾ ‘എന്ജിനീറാ’ എന്ന് ഗമയിൽ വിളിച്ചു പറയും, എന്നിട്ടെന്നെ നോക്കി ചിരിക്കും.
ചില ദിവസങ്ങളിൽ അമ്മൂമ്മയുടെ മരിച്ചു പോയ ആങ്ങള അങ്ങ് വയനാട്ടിലെ സെമിനാരിയിൽ റാഫയിൽ പുണ്യാളനായ കഥ പറയും. എല്ലാരും അടക്കി ചിരിക്കും. പക്ഷെ ഞാൻ കേട്ടിരിക്കും, ഇച്ചിരി വിശ്വസിക്കാൻ ശ്രമിക്കും. റാഫയിൽ പുണ്യാളന്റെ കഥ പറയുമ്പോൾ അമ്മൂമ്മ സാറാ ജോസെഫിന്റെ കഥയിലെ (അലാഹയുടെ പെണ്മക്കളിലെ) മുത്തശ്ശിയാകും. ഞാനാ കഥ കേട്ടിരിക്കുന്ന കുഞ്ഞും.
ഹാ! ഇതെല്ലം കഴിഞ്ഞു സമയമുണ്ടെങ്കിൽ ഡോക്ടർ അപ്പൂപ്പനെ കാണാൻ പോകണം. ഇപ്പൊ ചുമ നല്ല കുറവുണ്ട്. എന്നാലും അപ്പൂപ്പനെ മുഷിപ്പിക്കണ്ട. ഇനിയും കാണാനുള്ളതല്ലേ?
രാത്രി 2 മണിയായപ്പോൾ പേനയുടെ മഷി വറ്റി. ഇനിയും എഴുതാൻ ബാക്കിയുള്ളത് കടല് പോലെ നീണ്ടു കിടക്കുകയാ.
“ഹോ! നാളെയും പറ്റുമെന്ന് തോന്നുന്നില്ല.”
എന്തായാലും പുസ്തകങ്ങളടച്ചു. പേന തറയിൽ വെച്ച് കീഴടങ്ങി. അടുക്കളയിലെ ലൈറ്റ് അണയ്ക്കാമെന്നു തീരുമാനിച്ചു. ഇത്രയും നേരം എനിക്ക് അരങ്ങൊഴിഞ്ഞു തന്ന പാറ്റയും പല്ലിയും മുറ്റത്തേക്കിറങ്ങി. ഇനിയിത് അവരുടെ സാമ്രാജ്യമാണ്. ലൈറ്റ് ഓഫാക്കി ഞാനവരുടെ പോർക്കളം അവർക്കു തിരിച്ചു നൽകി.
അച്ഛന്റെയും അനിയന്റെയും മുറികൾ അകത്തു നിന്ന് പൂട്ടിയിരിക്കുകയാണ്. ഞാൻ എന്റെ മുറിയിലേക്ക് നടന്നു. എന്റേത് എന്ന് പറയാനാവില്ല. അമ്മയും ഞാനും സ്ഥിരമായി ഒരുമിച്ചു ഇവിടെയാണ് കിടക്കാറ്.
ചുവന്ന കമ്പിളിക്കുള്ളിൽ തല മൂടി പുതച്ചു അമ്മ കിടക്കുകയാണ്. നേരിയ കൂർക്കം വലിയുണ്ട്. കൂർക്കം വലിക്കുന്നവർ ആഴത്തിലുള്ള ഉറക്കത്തിലല്ല. എന്നാലും സാരമില്ല, ഉറങ്ങുവല്ലേ. പലപ്പോഴും അമ്മ മരുന്ന് കഴിച്ചുറങ്ങുമ്പോൾ ഈ കൂർക്കം വലിയൊരു ആശ്വാസമാണ്. മരുന്നിന്റെ ഡോസ് കൂടിയിട്ടില്ല എന്ന ആശ്വാസം. അമ്മ ശ്വസിക്കുന്നുണ്ടല്ലോ എന്ന ആശ്വാസം. ഇന്ന് മരുന്ന് കഴിക്കാതെ തന്നെ അമ്മ ഉറങ്ങി. അതാണെനിക്കുമിഷ്ടം.
ഞാൻ അപ്പുറത്തെ കട്ടിലിൽ മലർന്നു കിടന്നു ചുറ്റും കുരിശു വരച്ചു. കുഞ്ഞിലേ തൊട്ടുള്ള ശീലമാണ്. മരിച്ച ആത്‌മാക്കള് ഉറക്കത്തിൽ ശല്യപെടുത്താതിരിക്കാനുള്ള സൂത്രപ്പണി. വളർന്നപ്പോൾ, ആത്മാവുകളല്ല എന്റെ തന്നെ ചിന്തകളാണ് പേടിസ്വപ്നങ്ങൾ എന്ന് തിരിച്ചറിഞ്ഞു. പക്ഷെ കുരിശുവര മുടക്കിയില്ല. നല്ല ചിന്തകളുണ്ടാകാൻ വേണ്ടി പ്രാർത്ഥിച്ചു.
തലയ്ക്കു മുകളിൽ ഫാൻ ഫുൾ സ്പീഡിൽ കറങ്ങുകയാണ്. അല്പം കഴിയുമ്പോൾ തണുപ്പ് നെഞ്ചിലേക്ക് ഇരച്ചു കേറും. അപ്പൊ വേണേൽ മുൻവശത്തെ മുറിയിൽ പോയി പായ വിരിച്ചു ഫാനില്ലാതെ കിടക്കാം. കണ്ണ് പതുക്കെ അടച്ചു. ഉറങ്ങുന്നേൽ ഉറങ്ങട്ടെ.
സ്വപ്നത്തിൽ റാഫയിൽ പുണ്യാളൻ വന്നു, അമ്മൂമ്മയുടെ ആങ്ങള. പക്ഷെ പുണ്യാളന് ഡോക്ടർ അപ്പൂപ്പന്റെ മുഖമായിരുന്നു. മുഖവും മീശയും, ആ ചിരിയും.
“ചേച്ചി, ചേച്ചി നാളെയെങ്കിലും എന്നെ കാണാൻ വരുവോ ചേച്ചി?” ഡോക്ടർ അപ്പൂപ്പൻ എന്നെ കളിയാക്കുകയാണ്.
അപ്പൂപ്പനതാ ആകാശത്തേക്ക് പറന്നുയരുന്നു. മലകളുടെ മുകളിലൂടെ, പുല്മേടുകളുടെ മുകളിലൂടെ. താഴെ പുൽമേട്ടിൽ നിന്ന് ഞാൻ കൈ വീശി. എന്റെ ഇടത്തെ കൈയ്യിലെ തള്ളവിരലിലെ ചുവപ്പു ഇപ്പൊ വലത്തേ കൈവിരലിലേക്കു പടർന്നിരിക്കുന്നു. ഞാൻ നോക്കി നിൽക്കെ ആ ചുവപ്പു കടുത്തു, കടുത്തു വന്നു. പിന്നീട് ചുവന്ന വിരൽ വീർക്കാൻ തുടങ്ങി. വീർത്തു, വീർത്തു അത് മാനം മുട്ടുന്ന ഒരു ബലൂണായി മാറി. എന്നിട്ടത് ആകാശത്തിലേക്കു പറന്നുയർന്നു. പുറകെ ഞാനും.
താഴെ കാലിന്റെ അരികിൽ നിന്ന് പുൽമേട് മാഞ്ഞപ്പോൾ ഞാൻ വിഷമിച്ചില്ല. പക്ഷെ ഇപ്പോൾ കണ്ണിന്റെ മുൻപിൽ നിന്ന് റാഫയിൽ പുണ്യാളൻ മറഞ്ഞിരിക്കുന്നു. പുണ്യാളൻ ഇല്ലാതെ ഞാൻ എങ്ങനെ വീട്ടിൽ പോകും? ഞാനെങ്ങനെ താഴെ ഇറങ്ങും?
“മോളെ… മോളെ എഴുനേൽക്കു…”
അമ്മ മുടിയഴിച്ചിട്ടു എന്റെ മുൻപിൽ നിൽക്കുകയാണ്. ഞാൻ കണ്ണ് തുറക്കുന്നത് വരെ എന്നെ കുലുക്കികൊണ്ടിരുന്നു .
“മോളെ എഴുനേൽക്കു… അവര് വന്നിട്ടുണ്ട്.”
“ആര്?”
“അവര്. പിശാചുക്കൾ. ആ മന്ത്രവാദികളുമുണ്ട്.”
“ആര്?”
“ഞാൻ പറഞ്ഞിട്ടില്ലേ? വല്യ ജുബ്ബയും മുണ്ടുമുടുത്തു പാൻപരാഗും ചവച്ചു വരുന്ന ആ മനുഷ്യൻ, അതാ വാതിലിനു പിന്നിൽ നില്കുന്നു.”
ഞാൻ ചാടിയെഴുന്നേറ്റു ലൈറ്റിട്ടു. ചുറ്റും നോക്കി. ഞാൻ വിചാരിച്ചതു പോലെ തന്നെ. പേടിക്കാൻ ഒന്നുമില്ല. അവിടെ ആരുമില്ല.
അമ്മ മുകളിലേക്ക് തലയുയർത്തി ആരെയോ ചീത്ത വിളിച്ചു. ഞാൻ മെല്ലെ എഴുന്നേറ്റു മരുന്ന് ടിൻ തുറന്നു. മരുന്ന് കഴിക്കാതെ ഉറങ്ങുന്ന അമ്മ സ്വാർത്ഥമായ ഒരു സ്വപ്‌നമാണെന്ന് തോന്നി.
ഞാൻ മരുന്നും വെള്ളവും അമ്മയുടെ നേർക്ക് നീട്ടി, അല്പം ഭയത്തോടെ തന്നെ. അമ്മ എന്നെ ആശങ്കയോടെ നോക്കി.
“വേഗം കഴിക്ക്. അങ്ങേരു പോകട്ടെ.”
ഞാൻ അമ്മ ചൂണ്ടിക്കാട്ടിയ വശത്തേക്ക് നോക്കി പറഞ്ഞു. അമ്മ പിന്നെയും ഒന്ന് സംശയിച്ചു.പക്ഷെ ഇത്തവണ എന്നെ വിശ്വസിച്ചു. വേഗം മരുന്ന് കഴിച്ചു പുതപ്പിനുള്ളിലേക്കു പിന്നെയും വലിഞ്ഞു.ഞാൻ അമ്മയുടെ അരികിലായി കിടന്നു. ഒരാൾ ദൂരം ഞങ്ങളുടെയിടയിൽ അപ്പോഴുമുണ്ടായിരുന്നു.
തലേ ദിവസം മരുന്ന് കൊടുക്കാൻ ശ്രമിച്ചപ്പോൾ മുതുകത്തിടിച്ചതും വിരലിൽ കടിച്ചതും അറിയാതെ ഓർത്തു പോയി. അനിയനാണ് ഓടി വന്നു അമ്മയെ പിടിച്ചു മാറ്റിയത്. നിറയെ ശകാരിച്ചു, എന്നെ ആശ്വസിപ്പിച്ചു. പിന്നീട് അങ്ങനെ ശകാരിച്ചതോർത്തു അവൻ കരഞ്ഞു. ശകാരം കൊണ്ട് ചികിത്സിപ്പിക്കാൻ ഇതൊരു തെറ്റല്ലല്ലോ. അതോ സമൂഹം വരുത്തി തീർക്കുന്നത് പോലെ ചില രോഗങ്ങൾ തെറ്റുകളാണോ? താളം തെറ്റിയ മനസ്സുകളെ നാം ഒറ്റപ്പെടുത്തുന്നു, പക്ഷെ താളം തെറ്റിച്ച ലോകത്തിനു ഒരു ശിക്ഷയുമില്ലേ?
ഇരുട്ടിൽ പിന്നെയും ഒരു കൈ നീണ്ടു വരുന്നു. പക്ഷെ ഇത്തവണ അടിക്കുന്നില്ല, വിളിക്കുന്നില്ല. വെറുതെ എന്റെയുടുപ്പിൽ മുറുക്കി പിടിക്കുന്നു. എന്നെ വിശ്വസിക്കുന്നു. മുറിഞ്ഞ വിരലാണെന്നോർക്കാതെ എന്റെ വിരലുകളെ അമ്മയുടെ മുഖത്തേക്ക് ചേർത്ത് വെയ്ക്കുന്നു. പക്ഷെ ഇത്തവണ എനിക്ക് വേദനിക്കുന്നില്ല. ഇത്തവണ ചുവപ്പേറുന്നില്ല. തടിച്ചു വീർക്കുന്നില്ല. ഇത്തവണ റഫയിൽ പുണ്യാളൻ മറയുന്നില്ല. ഇത്തവണ ഞങ്ങൾ ഇരുവരും ഈ ഭയപെടുത്തുന്നവരുടെ ലോകത്തിൽ തനിച്ചല്ല.
Leave a Reply